അന്തരിച്ച കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാർ അവസാനമായി അഭിനയിച്ച ചിത്രം ‘ജെയിംസി’ന്റെ ടീസർ പുറത്തിറങ്ങി. സൈനികനായി പുനീത് എത്തുന്ന സിനിമ ആക്ഷന് പ്രാധാന്യം നൽകിയൊരുക്കിയ മാസ് എന്റർടെയ്നറാണ്. ചേതൻ കുമാർ ആണ് സംവിധാനം. ‘വികാരങ്ങൾ കച്ചവടത്തേക്കാൾ വലുതാണ്’-അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിൻ്റെ അവസാന ചിത്രമായ ‘ജയിംസി’ൻ്റെ ടീസർ തുടങ്ങുന്നത് ഈ വാചകം എഴുതിക്കാണിച്ചാണ്.
ഇത് ശരിവെക്കുന്ന തരത്തിലുള്ള ആദരവാണ് കന്നഡ ചലച്ചിത്ര ലോകം അദ്ദേഹത്തിന് നൽകുന്നതും. പുനീതിൻ്റെ ജന്മദിനമായ മാർച്ച് 17നാണ് ‘ജയിംസ്’ തീയേറ്ററുകളിൽ റിലീസ് ആകുന്നത്. താരത്തോടുള്ള ആദരസൂചകമായി കർണാടകയിൽ ഒരാഴ്ച പുതിയ കന്നഡ ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് ചലച്ചിത്ര പ്രവർത്തകരും വിതരണക്കാരും തീരുമാനിച്ചിരുന്നു. കന്നഡ സിനിമയിലെ ‘പവർ സ്റ്റാർ’ എന്നറിയപ്പെടുന്ന പുനീത് രാജ്കുമാർ മാസ് ലുക്കിലാണ് ‘ജയിംസി’ൽ പ്രത്യക്ഷപ്പെടുന്നത്.
ചേതൻ കുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ സിനിമയുടെ ടീസർ ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുകയാണ്. ഒരു പാട്ടും ആക്ഷൻ സീക്വൻസും ഒഴികെയുള്ള പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ച ശേഷമായിരുന്നു പുനീതിൻ്റെ മരണം. നടനും സഹോദരനുമായ ശിവരാജ് കുമാറാണ് ചിത്രത്തിൽ പുനീതിന് ശബ്ദം നൽകിയിരിക്കുന്നത്. പ്രിയ ആനന്ദ്, മേഘ ശ്രീകാന്ത്, അനു പ്രഭാകർ മുഖർജി, ശരത് കുമാർ, മുകേഷ് റിഷി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ശിവരാജ്കുമാറും പുനീതിൻ്റെ മറ്റൊരു സഹോദരനായ രാഘവേന്ദ്ര രാജ്കുമാറും ചിത്രത്തിൽ അതിഥി വേഷത്തിലുമെത്തുന്നുണ്ട്.