ഹൈസ്പീഡ്-സെമി ഹൈസ്പീഡ് വിഭാഗത്തിൽപ്പെടുത്താവുന്ന ബുള്ളറ്റ് ട്രെയിനുകളാണ് വന്ദേ ഭാരത് എക്സ്പ്രസ്. 200 കിലോമീറ്റർ വേഗത്തിൽ സർവീസ് നടത്താൻ ഈ ട്രെയിന് സാധിക്കുമെന്നാണ് റെയിൽവേ അധികൃതർ പറഞ്ഞിരുന്നത്. രാജ്യത്ത് വന്ദേ ഭാരത് എക്സ്പ്രസിന്‍റെ പ്രഖ്യാപിത വേഗം 160 കിലോമീറ്ററാണ്. എന്നാൽ രാജ്യത്ത് നിലവിലുള്ള ട്രാക്കുകളുടെ ശേഷി കണക്കിലെടുത്ത് പരമാവധി വേഗത 130 കിലോമീറ്റർ ആണ്. ന്യൂഡൽഹി-വാരണാസി, ന്യൂഡൽഹി-കത്ര(ജമ്മു കശ്മീർ) എന്നിങ്ങനെ രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. ഡല്‍ഹി-വാരണാസി ട്രെയിനിന് 81കിലോമീറ്ററും ഡല്‍ഹി-കത്ര വന്ദേ ഭാരത് എക്സപ്രസിന് 94 കിലോമീറ്ററുമാണ് ശരാശരി വേഗത. അതേസമയം ട്രെയിൻ ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുമ്പ് നടത്തിയ പരീക്ഷണ ഓട്ടത്തിൽ 180 കിലോമീറ്റർ വേഗത കൈവരിച്ചിരുന്നു. നിലവിൽ രാജ്യത്ത് ഓടുന്ന ട്രെയിനുകളിൽ ഗതിമാൻ എക്സ്പ്രസിനാണ് കൂടുതൽ വേഗം. പരമാവധി 160 കിലോമീറ്റർ വേഗതയിൽ ഗതിമാൻ എക്സ്പ്രസ് സഞ്ചരിക്കുന്നുണ്ട്.
കെ-റെയിലിനെ കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിച്ച് നിൽക്കുമ്പോഴാണ് രാജ്യത്ത് 400 അതിവേഗ വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കുമെന്ന ബജറ്റ് പ്രഖ്യാപനം വരുന്നത്. മൂന്നുവര്‍ഷത്തിനകം 400 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ ഓടിക്കുമെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചത്. ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി 75ആഴ്ചകൾ കൊണ്ട് 75 വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ 300 നഗരങ്ങളെ വന്ദേഭാരത് ട്രെയിനുകളിലൂടെ ബന്ധിപ്പിക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം. കെ-റെയിലിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ നിരത്തിയ സംസ്ഥാനത്തെ സർക്കാരും പ്രതിപക്ഷവും പരിസ്ഥിതി പ്രവർത്തകരും വന്ദേ ഭാരത് എക്സ്പ്രസിന്‍റെ പ്രഖ്യാപനത്തെ ഗൌരവത്തോടെയാണ് നോക്കിക്കാണുന്നത്. വന്ദേ ഭാരത് എക്സ്പ്രസ് ഓടിക്കുമെന്ന ബജറ്റ് പ്രഖ്യാപനം കണക്കിലെടുത്ത് കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും പ്രതിപക്ഷനേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സർക്കാർ കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സാധ്യത.
ഒട്ടനവധി സവിശേഷതകളും ആധുനിക സാങ്കേതികവിദ്യകളും വന്ദേ ഭാരത് എക്സ്പ്രസിൽ ഉണ്ട്. യാത്രക്കാർക്കായി ഏറ്റവും മികച്ച സൌകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചെയര്‍ കാര്‍. കറങ്ങുന്ന സീറ്റുകള്‍, മോഡുലാര്‍ ബയോ ടോയ്‌ലെറ്റ് എന്നിവയുമുണ്ട്. കൂടാതെ എ സി കോച്ചുകള്‍, വിശാലമായ ജനലുകള്‍, സ്ലൈഡിംഗ് ഡോര്‍ എന്നിവയുണ്ട്. പ്രത്യേക എഞ്ചിൻ ഇല്ല എന്നതും ഇതിന്‍റെ മറ്റൊരു സവിശേഷതയാണ്. പകരം ഒന്നിടവിട്ട് കോച്ചുകള്‍ക്കടിയില്‍ 250 കിലോവാട്ടിന്റെ നാല് മോട്ടോറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ കരുത്തിലാണ് ട്രെയിൻ ഓടുന്നത്. ആകെ 16 കോച്ചുകളാണ് വന്ദേ ഭാരത് എക്സ്പ്രസിലുള്ളത്. ഇതിൽ രണ്ടെണ്ണം എക്സിക്യൂട്ടീവ് കോച്ചുകളാണ്. മെക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായാണ് വന്ദേ ഭാരത് എക്സ്പ്രസ് വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്തത്. ചെന്നൈയിലെ പെരമ്പൂരിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഇത് (ഐസിഎഫ്) രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തത്.
ബജറ്റ് പ്രഖ്യാപന അനുസരിച്ച് കേരളത്തിനുള്ളിലോ, അന്യ സംസ്ഥാനങ്ങളിലെ നഗരങ്ങളുമായി ബന്ധിപ്പിച്ചോ വന്ദേ ഭാരത് എക്സപ്രസ് ലഭിക്കുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. എറണാകുളം, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിൽനിന്ന് ബംഗളുരു, മംഗളുരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് വന്ദേ ഭാരത് എക്സ്പ്രസ് ലഭിച്ചേക്കാം. എന്നാൽ സംസ്ഥാനത്ത് വന്ദേ ഭാരത് എക്സ്പ്രസ് ഓടിക്കുന്നതിന് നിരവധി പ്രതിസന്ധികളുണ്ട്. ട്രാക്കിന്‍റെ ശേഷി വർദ്ധിപ്പിക്കുകയും, ചില സ്ഥലങ്ങളിലെ വളവുകൾ നേരെയാക്കുകയും വേണം. കേരളത്തിൽ തിരുവനന്തപുരം മുതൽ ഷൊർണൂർ വരെയുള്ള പാതയിലാണ് വളവുകൾ കൂടുതലുള്ളത്. അതുകൊണ്ടുതന്നെ ഈ പാതയിൽ ശരാശരി 80 കിലോമീറ്ററാണ് ട്രെയിനുകളുടെ പരമാവധി വേഗം. എന്നാൽ ഷൊർണൂർ മുതൽ മംഗലാപുരം വരെയുള്ള പാതയിൽ 110 കിലോമീറ്റർ വരെ വേഗതയിൽ ട്രെയിൻ ഓടിക്കാനാകും. ഇപ്പോൾ കേരളത്തിൽ ഓടുന്ന ട്രെയിനുകളുടെ ശരാശരി വേഗത 45 കിലോമീറ്ററാണ്. രാജധാനി, ജനശതാബ്ദി എക്സ്പ്രസുകളാണ് കേരളത്തിൽ ഏറ്റവും വേഗതയിൽ ഓടുന്ന ട്രെയിനുകൾ. ട്രാക്കുകൾ നവീകരിച്ചും വളവുകൾ നേരെയാക്കിയും കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് ഓടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ യാത്രക്കാർ.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ച വന്ദേഭാരത് തീവണ്ടികളിൽ 75 എണ്ണം 2023 അവസാനത്തോടെ സർവീസിന് സജ്ജമാകും. കേരളത്തിലേക്കും ഈ തീവണ്ടികൾ ഓടിത്തുടങ്ങും. 75 തീവണ്ടികളിൽ ആദ്യവണ്ടി 2022 മാർച്ച് മാസത്തോടെയും രണ്ടാംതീവണ്ടി ജൂണിലും ഇറങ്ങും. തുടർന്ന് ഘട്ടംഘട്ടമായി മറ്റ് തീവണ്ടികളും സർവീസിന് സജ്ജമാകും. ടെൻഡർ നടപടി പൂർത്തിയായാൽ ബജറ്റിൽ പ്രഖ്യാപിച്ച 400 വന്ദേഭാരത് വണ്ടികൾ നിർമ്മിച്ച് തുടങ്ങും. മൂന്ന് വർഷത്തിനുള്ളിൽ പൂർത്തീകരിക്കും. എ.സി. സ്ലീപ്പർ കോച്ചുകൾ ഉൾപ്പെടുത്തി രാത്രികാലങ്ങളിൽക്കൂടി ദീർഘദൂര സർവീസ് നടത്താവുന്ന തരത്തിലാക്കിയാണ് നിർമാണം. ഭാവിയിൽ എല്ലാ തീവണ്ടികളും ട്രെയിൻ-18 എന്നറിയപ്പെടുന്ന വന്ദേഭാരത് തീവണ്ടികളായാണ് നിർമിക്കുക. കേരളത്തിൽ റെയിൽവേ റൂട്ടുകളിലെ വളവുകൾ, കയറ്റിറക്കങ്ങൾ എന്നിവ രണ്ട് വർഷത്തിനുള്ളിൽ പരിഹരിക്കണം. അതോടൊപ്പം സംസ്ഥാനത്ത് ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം നടപ്പാക്കണം.
ദക്ഷിണ റെയിൽവേക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് കേരളത്തിലോടുന്ന തീവണ്ടികളിൽനിന്നാണ്. വന്ദേഭാരത് എ.സി. ചെയർകാർ തീവണ്ടികൾ മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കും, തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും സർവീസ് നടത്താനാകും. ഇത്തരം തീവണ്ടികൾ ഓടിക്കാവുന്ന രീതിയിൽ കേരളത്തിലെ റെയിൽവേ പാതകളും സിഗ്നൽ സംവിധാനങ്ങളും നവീകരിച്ചാൽ കെ-റെയിൽ പദ്ധതിയുടെ പ്രസക്തിതന്നെ ഇല്ലാതാകും. മെമു തീവണ്ടിയെപ്പോലെ ഇരുഭാഗത്തേക്കും എളുപ്പത്തിൽ സഞ്ചരിക്കാമെന്നതിനാൽ റെയിൽവേ യാർഡുകളിൽ എൻജിനുകൾ മാറ്റേണ്ട ആവശ്യമില്ല. തീവണ്ടി കോച്ചുകളുടെ അടിഭാഗത്ത് ഘടിപ്പിച്ച ട്രാക്‌ഷൻ മോട്ടോറുകളിലേക്ക് പാന്റോഗ്രാഫ് വഴി വൈദ്യുതി ലൈനിൽനിന്ന് വരുന്ന വൈദ്യുതി ഉപയോഗിച്ചാണ് തീവണ്ടി മുന്നോട്ട് പോകുന്നത്. ഓരോ മൂന്ന് കോച്ചുകൾ കൂടുമ്പോഴും തീവണ്ടിയുടെ അടിഭാഗത്ത് ട്രാക്‌ഷൻ മോട്ടോറുകൾ ഘടിപ്പിക്കും.
നിർമ്മാണം പൂർത്തിയാകുന്ന വന്ദേഭാരത് തീവണ്ടികൾ തുടർച്ചയായി മൂന്നുമാസം പരീക്ഷണയോട്ടം നടത്തും. തുടർന്ന് റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേഡ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ.) റെയിൽവേ സേഫ്റ്റി കമ്മിഷണർ എന്നിവർ സർവീസിന് പര്യാപ്തമാണോയെന്ന് പരിശോധിച്ച ശേഷം സർവീസ് നടത്താൻ അനുമതി നൽകും. മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ സ്വകാര്യകമ്പനികൾ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്.), റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറി എന്നിവിടങ്ങളിലായി 2023 ഡിസംബർ അവസാനത്തോടെ വണ്ടികളുടെ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഐ.സി.എഫ്. 2018-ൽ നിർമിച്ച ആദ്യ വന്ദേഭാരത് തീവണ്ടിക്ക് 100 കോടി രൂപയാണ് ചെലവായിരുന്നത്. എന്നാൽ ഇപ്പോൾ 16 കോച്ചുകളോടുകൂടി നിർമ്മിക്കുന്ന വന്ദേഭാരത് വണ്ടിയുടെ നിർമ്മാണച്ചിലവ് ഗണ്യമായി കുറയുമെന്നും ഐ.സി.എഫ്. വൃത്തങ്ങൾ പറഞ്ഞു. 400 വണ്ടികൾ ഐ.സി.എഫ്, മോഡേൺ കോച്ച് ഫാക്ടറി, കപൂർത്തല കോച്ച് ഫാക്ടറി എന്നിവിടങ്ങളിൽവെച്ചാണ് നിർമിക്കുകയെന്നും റെയിൽവേ അധികൃതർ പറഞ്ഞു.