ന്യൂഡൽഹി: രാജ്യം ഇന്നുവരെ കണ്ടതിൽവച്ച് ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിൽ സിബിഐ കേസെടുത്തു. മുംബൈ ആസ്ഥാനമായ സ്വകാര്യ കപ്പൽ നിർമാണ ശാലയായ എബിജി ഷിപ്പ്യാർഡ് കമ്പനിയുടെ ഡയറക്ടർമാർ ചേർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടങ്ങുന്ന 28 ബാങ്കുകളുടെ കൺസോർട്ട്യത്തെ കബളിപ്പിച്ച് 22,842 കോടി രൂപ തട്ടിയെടുത്തു.
എബിജി ഷിപ്പ് യാർഡിൻ്റെ സിഎംഡിയായിരുന്ന ഋഷി അഗർവാൾ, എക്സിക്യുട്ടീവ് ഡയറക്ടർ സന്താനം മുത്തുസ്വാമി, ഡയറക്ടർമാരായ അശ്വനി കുമാർ, സുശീൽ കുമാർ അഗർവാൾ, രവി വിമൽ നെവേതിയ എന്നിവരാണ് പ്രതികൾ. എബിജി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന മറ്റൊരു കമ്പനിയുടെ പേരും സിബിഐ എഫ്ഐആറിലുണ്ട്.
2012 ഏപ്രിലിനും 2017 ജൂലൈക്കും ഇടയിലാണ് തട്ടിപ്പ് നടന്നത്. കപ്പൽ നിർമാണവും അറ്റകുറ്റ പണികളും നടത്തുന്ന എബിജി ഷിപ്പ് യാർഡ് ഗുജറാത്തിലെ സൂറത്തിലും ദഹേജിലും എബിജി ഗ്രൂപ്പിൻ്റെ ഉടമസ്ഥലതയിലുള്ളതാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ പരാതിയിലാണ് സിബിഐ നടപടി. വായ്പ എടുത്ത തുക മുഴുവൻ വക മാറ്റി ചെലവഴിക്കുകയായിരുന്നു.
എക്സിക്യൂട്ടീവ് ഡയറക്ടർ സന്താനം മുത്തസ്വാമി, ഡയറക്ടർമാരായ അശ്വനി കുമാർ, സുശീൽ കുമാർ അഗർവാൾ, രവി വിമൽ നവേടിയ, എബിജി ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എന്നിവരേയും കേസിൽ പ്രതി ചേർത്തു. 2012-17 കാലയളവിൽ റിഷി അഗർവാൾ ചെയർമാനായിരിക്കെ മറ്റ് ഡയറക്ടർമാരുമായി ഒത്തു കളിച്ച് വായ്പയായി ലഭിച്ച കോടികൾ വകമാറ്റിയെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.