തൃശ്ശൂർ: ഗുരുവായൂർ ആനയോട്ടത്തിന് മൂന്ന് ആനകളെ പങ്ക് എടുപ്പിക്കാൻ അനുമതിയില്ല. മൂന്ന് ആനകളെ പങ്കെടുപ്പിക്കണമെന്ന ദേവസ്വത്തിൻ്റെ ആവശ്യം തൃശ്ശൂർ ജില്ലാ ഭരണകൂടം തള്ളി. ആനയോട്ടത്തിന് ഒരു ആനയെ പങ്കെടുപ്പിക്കാമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകുകയും ചെയ്തു.
ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ആനയോട്ടം തിങ്കളാഴ്ച്ചയാണ്. ആനയോട്ടം ഈ വർഷം ചടങ്ങ് മാത്രമായാണ് നടത്തുക. കൊവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്. ചടങ്ങ് കാണാനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനും ദേവസ്വം തീരുമാനം എടുത്തിട്ടുണ്ട്.
ഗുരുവായൂരിൽ ഉത്സവാഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങാണ് ഗുരുവായൂർ ആനയോട്ടം. ഉത്സവകാലത്ത് ഭഗവാന്റെ സ്വർണ്ണതിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തിരഞ്ഞെടുക്കുന്നത് ആനയോട്ട മത്സരത്തിലൂടെയാണ്.

















