തിരുവനന്തപുരം: സംസ്ഥാനത്തെ 15 മുതല്‍ 17 വയസ് പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ 75 ശതമാനമായതായി (11,47,364) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. രണ്ടാം ഡോസ് വാക്‌സിനേഷനും കാര്യമായ രീതിയില്‍ പുരോഗമിക്കുന്നുണ്ട്. 15 ശതമാനം കുട്ടികള്‍ക്കാണ് (2,35,872) രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിയത്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും കുട്ടികളുടെ വാക്‌സിനേഷനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
ജനുവരി മൂന്നിനാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചത്. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് കുട്ടികള്‍ക്ക് സ്‌കൂളില്‍ തന്നെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാരംഭിച്ചു. വാക്‌സിനെടുക്കാന്‍ അര്‍ഹതയുള്ള ബാക്കിയുള്ള കുട്ടികള്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

















