തൃശൂർ: പുതുക്കാട് സ്റ്റേഷനു സമീപം തൃശൂർ – എറണാകുളം റെയിൽ പാതയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്നു താറുമാറായ ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. ട്രെയിൻ പാലത്തിൽ നിന്ന് നീക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. എൻജിനും ഒരു വാഗണുമാണ് ഇനി നീക്കാനുള്ളത്. എട്ടു മണിയോടെ ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ.
അപകടത്തെ തുടർന്ന് ട്രെയിനുകൾ വൈകിയോടുകയാണ്. ഇന്നത്തെ വിവിധ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ഗുരുവായൂർ– എറണാകുളം എക്സ്പ്രസ്, തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസ്, ഷൊർണൂർ–എറണാകുളം മെമു, കോട്ടയം–നിലമ്പൂർ എക്സ്പ്രസ് എന്നിവ പൂർണമായും റദ്ദാക്കി. ഗുരുവായൂർ–തിരുവനന്തപുരം ഇന്റർസിറ്റി എറണാകുളത്തു നിന്നും ഗുരുവായൂർ–പുനലൂർ എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ നിന്നും സർവീസ് തുടങ്ങും.
ഇരുമ്പനത്തേക്കു പോയ പെട്രോളിയം ഗുഡ്സ് ട്രെയിനിന്റെ എൻജിനും 5 വാഗണുകളുമാണ് ഇന്നലെ പാളം തെറ്റിയത്. വാഗണുകൾ കാലിയായിരുന്നു. അറ്റകുറ്റപ്പണി മൂലം വേഗം കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. നേത്രാവതി എക്സ്പ്രസ് കടന്നുപോയി ഒരു മണിക്കൂറിനു ശേഷമായിരുന്നു അപകടം.
അപകടത്തിൽ 100 മീറ്ററോളം പാതയ്ക്ക് കേടു പറ്റി. 12 വർഷം മുൻപ് ഇതേ സ്ഥലത്ത് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയിരുന്നു.

















