അഞ്ചൽ: അടൂർ ബൈപ്പാസിന് സമീപം കഴിഞ്ഞദിവസം ഉണ്ടായ കാറപകടത്തിൽ മരിച്ച ആയൂർ ഇളമാട് സ്വദേശികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. വലിയ ജനക്കൂട്ടമാണ് ഉറ്റവരുടെ മൃതദേഹങ്ങൾ അവസാനമായി ഒരുനോക്ക് കാണുന്നതിനായി എത്തിച്ചേർന്നത്. അമ്പലംമുക്ക് എസ്റ്റേറ്റ് ജങ്ഷനിൽ കൃഷ്ണകൃപയിൽ ശ്രീജ (51), ഇളമാട് രാഹുൽ ഭവനിൽ ശകുന്തള (53), ഇളമാട് കാത്തിരത്തും വീട്ടിൽ ഇന്ദിര (60) എന്നിവരാണ് മരിച്ചത്.
ആയൂർ സ്വദേശി അമൽ ഷാജിയുടെ വിവാഹത്തോടനുബന്ധിച്ച് വധുവിന് വിവാഹപ്പുടവ നൽകാൻ ബുധനാഴ്ച ഹരിപ്പാട്ടേക്ക് പോയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് അടൂരിൽ കെ ഐ പി വലതുകര കനാലിലേക്ക് വീണായിരുന്നു അപകടം. രാവിലെ 11 ഓടെയാണ് ശ്രീജയുടെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇന്ദിര, ശകുന്തള എന്നിവരുടെ മൃതദേഹങ്ങൾ വൈകീട്ട് മൂന്നോടെയാണ് സ്ഥലത്തെത്തിച്ചത്.
പിപിഇ കിറ്റ് ധരിച്ച വളന്റിയർമാരും ആരോഗ്യപ്രവർത്തകരുമാണ് സംസ്കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ഇരുവരെയും ഇന്ദിരയുടെ വീട്ടുവളപ്പിൽ അടുത്തടുത്തുള്ള ചിതകളിലാണ് സംസ്കരിച്ചത്. മന്ത്രി ജെ ചിഞ്ചുറാണി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ, മുല്ലക്കര രത്നാകരൻ, പ്രയാർ ഗോപാലകൃഷ്ണൻ, ഇളമാട് പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ്, വൈസ് പ്രസിഡന്റ് കോമളകുമാരിയമ്മ എന്നിവർ പങ്കെടുത്തു.
അപകടത്തിൻ്റെ പ്രധാന കാരണം ഡ്രൈവറുടെ അശ്രദ്ധയോടെയുള്ള ഡ്രൈവിംങ്ങും അമിതവേഗതയുമെന്ന് മോട്ടോർ വാഹന വകുപ്പിൻ്റെ റിപ്പോർട്ട്. സാധാരണ വാഹനങ്ങളുടെ ബ്രേക്ക് തകരാറിലാവുകയോ ടയറുകളുടെയോ സ്റ്റിയറിങ്ങിൻ്റെയോ പ്രശ്നങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമായേക്കാം. എന്നാൽ കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട വാഹനത്തിൻ്റെ ബ്രേക്ക് ഉൾപ്പെടെയുള്ളവയ്ക്ക് ഒരു തകരാറും പരിശോധനയിൽ തെളിഞ്ഞിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.
വെറും 27 മാസത്തെ പഴക്കം മാത്രമായിരുന്നു അപകടത്തിൽപ്പെട്ട സ്വിഫ്റ്റ് കാറിന് ഉണ്ടായിരുന്നത്. ഇതു കൂടാതെ തേർഡ് പാർട്ടി ഇൻഷുറൻസായിരുന്നു ഈ വാഹനത്തിനുണ്ടായിരുന്നത്. മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കാർ ഡ്രൈവർ ആയൂർ ഇളമാട് ഹാപ്പിവില്ലയിൽ ശരത്തിൻ്റെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.