പത്തനംതിട്ട: ആവർത്തിച്ചുള്ള നിർദേശങ്ങൾ ഒന്നും തന്നെ പരിഗണിക്കാതെ പത്തനംതിട്ട നഗരസഭ സ്ഥലം എംഎൽഎ കൂടിയായ തന്നെ അവഗണിക്കുകയാണെന്ന് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ മന്ത്രി വീണാ ജോർജ് തുറന്നടിച്ചു. എംഎൽഎ ഫണ്ട് ഉപയോഗിച്ചു കൊണ്ടു വന്ന പദ്ധതികളുടെ ഉദ്ഘാടനം പോലും ആരും അറിയിക്കുന്നില്ല. തന്റെ പദ്ധതികൾ പലതും നഗരസഭയുടേതായി ചിത്രീകരിക്കുകയാണ്. നഗരസഭാ പരിധിയിലെ പരിപാടികളിൽനിന്ന് തന്നെ പൂർണമായും ഒഴിവാക്കുകയാണെന്ന് അടക്കമുള്ള പരാതികൾ ജില്ലാ കമ്മിറ്റി യോഗത്തിൽ മന്ത്രി വീണാ ജോർജ് രൂക്ഷമായി ഉന്നയിച്ചു.
കുമ്പഴയിലെ ആരോഗ്യ കേന്ദ്രത്തിന്റെ പരിപാടികളിൽ നിന്ന് ഒഴിവാക്കിയതും വിശപ്പു രഹിത നഗരം പദ്ധതിയിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് ആവിഷ്കരിച്ച 20 രൂപയുടെ ഉച്ചയൂണ് പദ്ധതി നഗരസഭ സ്വന്തം നിലയിൽ നടപ്പാക്കാൻ ഒരുങ്ങുന്നതുമാണ് മന്ത്രിയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

















