തിരുവനന്തപുരം: എയർ ഇന്ത്യാ സാറ്റ്സ് കേസിലെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യൽ അട്ടിമറിക്കാനും എം ശിവശങ്കർ ഇടപെട്ടുവെന്ന് സ്വപ്ന സുരേഷിൻ്റെ പുതിയ വെളിപ്പെടുത്തൽ. സത്യം പറഞ്ഞതിലുള്ള പ്രതികരണമാണ് തനിക്കെതിരായ കുറ്റപത്രമെന്നും സ്വപ്ന വ്യക്തമാക്കി. തന്റെ അധികാരം ഉപയോഗിച്ച് ശിവശങ്കർ തന്നെ ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്നാണ് സ്വപ്നയുടെ രൂക്ഷ വിമർശനം.
എയർ ഇന്ത്യാ സാറ്റ്സ് കേസിൽ ഉടൻ കുറ്റപത്രം നൽകുമെന്നായിരുന്നു ഒന്നരവർഷം മുമ്പ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാൽ സ്വപ്ന സുരേഷ് ഉൾപ്പെട്ട മറ്റ് കേസുകളിലെന്ന പോലെ സാറ്റ്സ് കേസിലെയും ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞുനീങ്ങി. എന്നാൽ തൻ്റെ വെളിപ്പെടുത്തലും പിന്നാലെയുള്ള കുറ്റപത്ര സമർപ്പണവും തമ്മിൽ ബന്ധമുണ്ടെന്നാണ് സ്വപ്ന ഉയർത്തുന്ന ആരോപണം.

















