ഓൺലൈനായി മാത്രമായുള്ള എംബിബിഎസ് പഠനത്തിന് അംഗീകാരമോ അനുമതിയോ നൽകില്ലെന്നു നാഷനൽ മെഡിക്കൽ കമ്മിഷൻ (എൻഎംസി) സർക്കുലറിൽ അറിയിച്ചു. നിലവിൽ ചൈനയിലെ സർവകലാശാലകളിൽ ചേർന്നുപഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളോട് കോവിഡ് സാഹചര്യത്തിൽ ഓൺലൈനായി പഠനം തുടരാമെന്ന് എൻഎംസി അറിയിച്ചിട്ടുണ്ടെങ്കിലും പുതുതായി പ്രവേശനം നേടുന്നവർക്ക് ഈ ഇളവ് കാണില്ല.
വരുന്ന അധ്യയന വർഷത്തെ എംബിബിഎസ് പ്രവേശനത്തിന് ചൈനയിലെ മെഡിക്കൽ സർവകലാശാലകൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഎംസിസർക്കുലർ. മെഡിക്കൽ പഠനത്തിനു വിദേശ രാജ്യം തിരഞ്ഞെടുക്കുന്നവർ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നും നിർദേശം ഉണ്ട്.