പാലക്കാട്: ട്രെക്കിങിനായി കൂട്ടുകാർക്കൊപ്പം പോയി മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസ് എടുക്കാൻ നീക്കം. വനമേഖലയിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിനാണ് കേസ് എടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരമാണ് കേസ് എടുക്കുക. ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. കേസെടുക്കുന്നതിന് മുന്നോടിയായി വാളയാർ സെക്ഷൻ ഓഫീസർ ബാബുവിനെ കണ്ട് മൊഴി എടുക്കും. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് എതിരെ കേസെടുക്കുന്നത് ബാബുവിന്റെ മൊഴി എടുത്ത ശേഷം തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു .
അതേസമയം, പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബുവുള്ളത്. ഇന്ന് വാർഡിലേക്ക് മാറ്റുമെന്ന് ഡോക്ടർമാരുടെ സംഘം വ്യക്തമാക്കി. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. 48 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്നലെ ഉച്ചയോടെയാണ് ബാബുവിനെ ആശുപത്രിയിലെത്തിച്ചത്.

















