കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ദിലീപിന് ഹൈക്കോടതി മുന്‍കൂർജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് കേസ് നിലനിൽക്കില്ലെന്ന വാദവുമായി ദിലീപിന്റെ ഹർജി. നേരത്തെ നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം റദ്ദാക്കണമെന്ന് കാട്ടി ദിലീപ് മറ്റൊരു ഹർജിയും നല്‍കിയിരുന്നു. മുന്‍കൂര്‍ജാമ്യം നല്‍കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഉടന്‍ സുപ്രിം കോടതിയെ സമീപിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.
അതേസമയം, ഗൂഢാലോചനാ കേസില്‍ ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളുടെ ശബ്ദ സാമ്പിളുകള്‍ ക്രൈംബ്രാഞ്ച് ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കഴിഞ്ഞ ദിവസം ശേഖരിച്ച ശബ്ദ സാമ്പിളുകളാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. നേരത്തെ പരിശോധനക്ക് അയച്ച ദിലീപിന്‍റെ ഫോണുകളുടെ പരിശോധനാ ഫലം വെള്ളിയാഴ്ചക്കുള്ളില്‍ ലഭിച്ചേക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. റിപ്പോർട്ട് പരിശോധിച്ചാണ് തുടർ നടപടികള്‍ സ്വീകരിക്കുക

















