മഡ്ഗാവ്: ഐഎസ്എല്ലില്‍ ചെന്നൈയിന് എഫ്സിയെ വീഴ്ത്തി ഗോവഎഫ്സി ഗോവ. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ഗോവയുടെ വിജയം. ഹാട്രിക്ക് നേടിയ ജോര്‍ജ് ഓര്‍ട്ടിസിന്റെ മികവാണ് ഗോവയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.
ആറാം മിനിറ്റില്‍ തന്നെ മഖന്‍ ചോത്തെയിലൂടെ ഗോവ മുന്നിലെത്തി. 20-ാം മിനിറ്റില്‍ ജോര്‍ജ് ഓര്‍ട്ടിസ് മത്സരത്തിലെ തന്റെ ആദ്യ ഗോള്‍ നേടി. പിന്നാലെ 40-ാം മിനിറ്റില്‍ ഓര്‍ട്ടിസ് ഗോവയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇവാന് ഗോണ്‍സാലസിന്റെ ശ്രമം ചെന്നൈയിന് ഡിഫന്‍ഡര്‍ നാരായണ്‍ ദാസിന്റെ സെല്‍ഫ് ഗോളായി. ഇതോടെ ആദ്യ പകുതിയില്‍ തന്നെ ഗോവ എതിരില്ലാത്ത നാലു ഗോളിന് മുന്നിലെത്തി.
53-ാം മിനിറ്റില്‍ ഐബാന് ഡോഹ്ലിങ്ങിന്റെ പാസില്‍ നിന്ന് ഓര്‍ട്ടിസ് ഹാട്രിക്കും ഗോവയുടെ അഞ്ചാം ഗോളും സ്വന്തമാക്കി.
ജയിച്ചെങ്കിലും 16 മത്സരങ്ങളില്‍ നിന്ന് 18 പോയന്റുമായി ഗോവ ഒമ്പതാം സ്ഥാനത്താണ്. 19 പോയന്റുള്ള ചെന്നൈയിന് എട്ടാം സ്ഥാനത്താണ്.