അഹമദാബാദ്: രണ്ടാം ഏകദിനത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യക്ക് 44 റണ്‍സിന്റെ തകർപ്പൻ വിജയം. ഒമ്പത് ഓവറിൽ 12 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ യുവ പേസ്ബൗളർ പ്രസീദ് കൃഷ്ണയുടെ പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായത്.
ആദ്യ ഏകദിനത്തില്‍ യുസ്വേന്ദ്ര ചഹാലിന്റെ സ്പിന്നിലാണ് വെസ്റ്റിന്‍ഡീസിന് അടിതെറ്റിയതെങ്കില് രണ്ടാം ഏകദിനത്തില്‍ പ്രസീദ് കൃഷ്ണയുടെ പേസിന് മുന്നിലാണ് കരിബീയന്‍ താരങ്ങളുടെ ചുവടുപിഴച്ചത്. പ്രസീദ് നാല് വിക്കറ്റുകളും രണ്ട് വിക്കറ്റും വീഴ്ത്തി.
ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. രോഹിത് ശര്‍മയുടെ നായകത്വത്തിന് കീഴില്‍ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്.
44 റൺസെടുത്ത ശമർ ബ്രൂക്ക്സാണ് വെസ്റ്റിൻഡീസിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. അവസാന ഓവറുകളില്‍ 24 റണ്‍സുമായി ഒഡെയാന് സ്മിത്ത് പൊരുതി നോക്കിയംങ്കിലും ഫലം കണ്ടില്ല.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു. ഒരു ഘട്ടത്തിൽ 43 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ അർധസെഞ്ച്വറി നേടിയ സൂര്യകുമാർ യാദവും 49 റൺസെടുത്ത കെ.എൽ രാഹുലും ചേർന്നാണ് കരകയറ്റിയത്. 83 പന്തിൽ നിന്ന് സൂര്യകുമാർ യാദവ് 64 റൺസെടുത്തു. അർധസെഞ്ച്വറിക്ക് ഒരു റൺസ് അകലെ കെ.എൽ രാഹുൽ റണ്ണൗട്ടാവുകയായിരുന്നു.
വെസ്റ്റിന്‍ഡീസിനായി അല്‍സാരി ജോസഫും ഒഡെയാന് സ്മിത്തും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.