ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം ബോര്‍ഡ് പരീക്ഷ ഏപ്രില്‍ 26ന് ആരംഭിക്കും. ഓഫ്‌ലൈനായി ആയിരിക്കും പരീക്ഷ നടത്തുക എന്ന് സി.ബി.എസ്.ഇ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ.
സി.ബി.എസ്.ഇ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന സാമ്ബിള്‍ ചോദ്യപേപ്പറുകളുടെ മാതൃകയിലാണ് പരീക്ഷാ ചോദ്യപേപ്പര്‍ തയ്യാറാക്കുക.മുന്‍വര്‍ഷങ്ങളിലെ പോലെ അനുവദിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളിലാണ് വിദ്യാര്‍ഥികള്‍ എത്തേണ്ടത്. പരീക്ഷാ ടൈംടേബിള്‍ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കും. വെബ്‌സൈറ്റില്‍ ലഭ്യമാക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു.
നേരിട്ട് എഴുതുന്ന രീതിയിലാണ് പരീക്ഷ നടത്തുക. രാജ്യത്തെ കൊവിഡ് സാഹചര്യം പരിശോധിച്ച ശേഷമാണ് തിയതി തീരുമാനിച്ചത്. എന്നാല്‍ 2021 അവസാനം നടത്തിയ ആദ്യ ടേം പരീക്ഷയുടെ റിസല്‍ട്ട് പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് സിബിഎസ്ഇ അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.
കൂടാതെ ഇത്തവണ പരീക്ഷയും വേനലവധിയും കൃത്യ സമയത്ത്; മോഡല്‍ പരീക്ഷയും ഉണ്ടാകുമെന്ന് വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ക്ലാസുകള്‍ പൂര്‍ണതോതില്‍ തുടങ്ങാനുള്ള തീരുമാനം കൂടിയാലോചനയുടെ അടിസ്ഥാനത്തില്‍ എടുത്തതാണെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഇത്തവണ മോഡല്‍ പരീക്ഷ ഉള്‍പ്പെടെ പരീക്ഷകള്‍ നടത്തുന്നുണ്ട്. ഇവയെല്ലാം നടത്തുന്നതിന് മുന്നോടിയായാണ് ക്ലാസുകള്‍ പൂര്‍ണമായും ആരംഭിക്കുന്നത്.

















