തിരുവനന്തപുരം: പാലക്കാട് മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിന്റെ രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ കരസേനയുടെ പ്രവര്‍ത്തകര്‍ക്കും കേരളത്തില്‍ നിന്നുള്ള രക്ഷാദൗത്യ സംഘങ്ങള്‍ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.
കേരള പൊലീസ്, എന്‍ഡിആര്‍എഫ്, വനംവകുപ്പ്, ജില്ലാ ഭരണകൂടം, ജനപ്രതിനിധികള്‍, നാട്ടുകാര്‍, മെഡിക്കല്‍ സംഘം എന്നിവരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി രംഗത്തുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച ദക്ഷിണഭാരത ഏരിയ ജിഒസി ലെഫ്.ജനറല്‍ എ അരുണിനെ ഫോണില്‍ വിളിച്ച് നന്ദി അറിയിച്ചു. ബാബുവിന്റെ ചികിത്സയ്ക്കായി എല്ലാ ക്രമീകരണവും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അതേസമയം, യുവാവിനെ രക്ഷിക്കാന്‍ വൈകിയെന്ന വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി. ചിലര്‍ക്ക് എല്ലാത്തിനേയും വിമര്‍ശിച്ചേ അടങ്ങൂ എന്ന വാശിയാണ്. അതിന്റെ ഭാഗമായാണ് അത്തരം പ്രതികരണങ്ങളുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സൈന്യത്തെ വിളിക്കാന്‍ വൈകിയെന്നും ദുരന്തനിവാരണ സംഘത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നുമുള്ള വിമര്‍ശനത്തിനും അദ്ദേഹം മറുപടി നല്‍കി. ഇത്തരമൊരു ദുരന്തമുണ്ടായാല്‍ പാലിക്കേണ്ട ചില നടപടി ക്രമങ്ങളുണ്ട്. അതിന് അനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങിയിട്ടുള്ളത്.
കൃത്യതയോടെ അവിടെയുള്ള നടപടികള്‍ നടന്നു എന്നതാണ് വസ്തുത. ഇത്തരം സാഹചര്യത്തില്‍ ആദ്യം ശ്രമിച്ച ഏജന്‍സിക്ക് സാധ്യമാകാതെ വരുമ്പോഴാണ് കരസേനയെ വിളിക്കുന്നത്. ആ ഘട്ടത്തില്‍ കരസേനയെ അറിയിക്കുകയും കാര്യക്ഷമമായി അവര്‍ അതില്‍ ഇടപെടുകയും ചെയ്തു. ഇതില്‍ ഒരു തരത്തിലുള്ള കാലതാമസവും വന്നിട്ടില്ലെന്നാണ് കാണാന്‍ കഴിയുക.
ഇത്തരം കാര്യങ്ങള്‍ വരുമ്പോള്‍ അതിന്റെ നല്ല കാര്യങ്ങള്‍ കാണാതെ മോശം കാര്യങ്ങള്‍ കാണുക എന്നത് നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന ഒന്നാണ്. കാര്യങ്ങളെ എങ്ങനെ മോശമായി ചിത്രീകരിക്കാന്‍ കഴിയും എന്ന് ചിന്തിക്കുന്ന ഒരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്. നിര്‍ഭാഗ്യവശാല്‍ ആ മാനസികാവസ്ഥയാണ് കേരളത്തിലെ പ്രതിപക്ഷത്തിനുമുള്ളതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

















