തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ പൂർണതോതിൽ പ്രവർത്തിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഇതിനുള്ള പുതിയ മാർഗരേഖ ഫെബ്രുവരി 12ന് പുറത്തിറക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിശദമായ മാർഗ്ഗരേഖയാകും പുറത്തിറക്കുകയെന്നും പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുന്നതിനാണ് മുന്തിയ പരിഗണനയെന്നും അധ്യയന വർഷം നീട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പരീക്ഷയും വേനലവധിയും കൃത്യ സമയത്ത് ഉണ്ടാകുമെന്നും ഫോക്കസ് ഏരിയ പരിഷ്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുക എന്നതിനാണ് മുന്തിയ പരിഗണന. ഫോക്കസ് ഏരിയ പരിഷ്കരണം സംബന്ധിച്ച് സാമൂഹിക മാധ്യമ പോരാളികള്‍ വിദ്യാര്‍ഥികളെ കുഴപ്പത്തിലാക്കരുത്. നയം തീരുമാനിക്കാനുള്ള അവകാശം അധ്യാപക സംഘനകള്‍ക്കല്ല. അധ്യാപകര്‍ അവരുടെ ജോലി ചെയ്യുകയാണ് വേണ്ടത്. ഏറ്റവും കൂടുതല്‍ സംഘടനകളുള്ളത് വിദ്യാഭ്യാസ വകുപ്പിലാണ്. എല്ലാവരുടെയും നിര്‍ദേശം കണക്കിലെടുക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
16 വര്‍ഷങ്ങള്‍ക്കുശേഷം വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ മാന്വല്‍ പ്രസിദ്ധീകരിച്ചു. മറ്റു സംസ്ഥാനങ്ങള്‍ നമ്മുടെ പരീക്ഷാ മാന്വല്‍ റഫറന്‍സ് ആയി ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് അത്യുജ്വല മാറ്റങ്ങളാണ് നടന്നുവരുന്നത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്കൂളുകളിലേക്ക് വരുന്നു. ഇത്തവണ അധ്യയന വര്‍ഷം നീട്ടില്ല. പരീക്ഷയും വേനലവധിയും കൃത്യ സമയത്ത് ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.