പാലക്കാട്: മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങി പോയ ബാബു എന്ന യുവാവിന് വെള്ളവും ഭക്ഷണവും എത്തിച്ചതായി ദൗത്യസംഘം അറിയിച്ചു. സൈന്യമാണ് വെള്ളവും ഭക്ഷണവും എത്തിച്ചു നല്‍കിയത്. ബാല എന്ന സൈനിക ഉദ്യോഗസ്ഥനാണ് കയറിലൂടെ തൂങ്ങിയിറങ്ങി വെള്ളമെത്തിച്ചത്. നിര്‍ണായകമായ ലക്ഷ്യമാണ് ദൗത്യസംഘം പൂര്‍ത്തിയാക്കിയത്. ബാബുവിനെ രക്ഷിക്കാനുള്ള ശ്രമവും തുടങ്ങി. സിവില്‍ ഡിഫന്‍സിലെ കണ്ണന്‍ എന്ന ജീവനക്കാരനാണ് ഇക്കാര്യം ഫോണിലൂടെ അറിയിച്ചത്. കയര്‍ ഉപയോഗിച്ച് ബാബുവിനെ മുകളിലേക്ക് കയറ്റാന്‍ ശ്രമിക്കുകയാണ്. രണ്ട് കുപ്പി വെള്ളമാണ് നല്‍കിയത്. 45 മണിക്കൂറിനൊടുവിലാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. ഇതോടെ ദൗത്യസംഘത്തിന് പ്രതീക്ഷ വാനോളമാണ്. ബാബു ഏറെ നേരെ വെള്ളം ചോദിച്ചിരുന്നു.
വെള്ളം നല്‍കുന്നതിനായി വലിയ ഡ്രോണ്‍ കോയമ്പത്തൂരില്‍ നിന്ന് എത്തിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പേ അദ്ദേഹത്തിന് സൈന്യം വെള്ളവും ഭക്ഷണവും നല്‍കി. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറും സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തും. ഇന്നലെ വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 20 അംഗ എന്‍ഡിആര്‍എഫ് ടീം, രണ്ട്് യൂണിറ്റ് കരസേന, ഫയര്‍ഫോഴ്‌സ് എന്നിവരാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ബേസ് ക്യാമ്പ് തുറന്നു. മെഡിക്കല്‍ ടീമും വളരെ സജ്ജമാണ്.

















