ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം പരിശീലനത്തിനിറങ്ങി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെഎൽ രാഹുലും ഓപ്പണർ മായങ്ക് അഗർവാളും. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിനത്തിന് മുന്നോടിയായാണ് പരിശീലനം.
ബുധനാഴ്ചയാണ് വിന്‍ഡിസിന് എതിരായ പരമ്പരയിലെ ഇന്ത്യയുടെ രണ്ടാമത്തെ മത്സരം. സഹോദരിയുടെ വിവാഹത്തെ തുടര്‍ന്നാണ് കെഎല്‍ രാഹുല്‍ ആദ്യ ഏകദിനം കളിക്കാതിരുന്നത്.
ഇന്ത്യന്‍ ടീമിലെ നാല് കളിക്കാര്‍ക്ക് കോവിഡ് പോസിറ്റീവായതോടെയാണ് മായങ്ക് അഗര്‍വാളിനെ ടീമിലേക്ക് ചേര്‍ത്തത്. എന്നാല്‍ ടീമിനൊപ്പം ചേരുന്നതിന് മുന്‍പുള്ള ക്വാറന്റൈന് പൂര്‍ത്തിയാക്കേണ്ടിയിരുന്നതിനാലാണ് മായങ്കിന് ആദ്യ ഏകദിനം നഷ്ടമായത്. ഇതേ തുടര്‍ന്ന് രോഹിത്തിനൊപ്പം ഇഷാന് കിഷനാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ രോഹിതിനൊപ്പം ആര് ഓപ്പണ്‍ ചെയ്യുമെന്ന് ഉറപ്പില്ല.
അതേസമയം, കോവിഡ് ഭേദമായ ശിഖര്‍ ധവാനും ശ്രേയസ് അയ്യരിനും പരിശീലനത്തിനുള്ള അനുമതി ലഭിച്ചു. ഇരുവരും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ലഘുവായ പരിശീലനങ്ങളില്‍ ഏര്‍പ്പെട്ടു. ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശീലനം.
ഇതോടെ കോവിഡ് സ്ഥിരീകരിച്ച നാല് കളിക്കാരിൽ മൂന്ന് പേർ രോഗമുക്തി നേടി. നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്ന നവ്ദീപ് സെയിനി നെഗറ്റീവായതിനെ തുടർന്ന് ടീമിനൊപ്പം ചേർന്നിരുന്നു. യുവതാരം ഋതുരാജ് ഗെയ്ക് വാദാണ് ഇനി രോഗമുക്തി നേടാനുള്ളത്.