അഹമ്മദാബാദ്: കോവിഡ് ബാധിച്ച ഇന്ത്യന്‍ താരങ്ങളായ ശിഖര്‍ ധവാനും ശ്രേയസ് അയ്യരും രോഗ മുക്തരായി. രോഗം ഭേദമായതോടെ ഇരുവര്‍ക്കും പരിശീലനത്തിനുള്ള അനുമതി ലഭിച്ചു. എങ്കിലും ബുധനാഴ്ച നടക്കുന്ന വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇരുവര്‍ക്കും കളിക്കാനാകില്ല.
കോവിഡ് പരിശോധനയില്‍ നെഗറ്റീവായതോടെ ഇരുവരും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ലഘുവായ പരിശീലനങ്ങളില്‍ ഏര്‍പ്പെട്ടു. ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശീലനം.
ഇതോടെ കോവിഡ് സ്ഥിരീകരിച്ച നാല് കളിക്കാരിൽ മൂന്ന് പേർ രോഗമുക്തി നേടി. നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്ന നവ്ദീപ് സെയിനി നെഗറ്റീവായതിനെ തുടർന്ന് ടീമിനൊപ്പം ചേർന്നിരുന്നു. യുവതാരം ഋതുരാജ് ഗെയ്ക് വാദാണ് ഇനി രോഗമുക്തി നേടാനുള്ളത്.
ആദ്യ ഏകദിനത്തിൽ കളിക്കാതിരുന്ന മായങ്ക് അഗർവാൾ, വൈസ് ക്യാപ്റ്റൻ കെ.എൽ.രാഹുൽ എന്നിവരും കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേർന്ന് പരിശീലനം നടത്തിയിരുന്നു. ബുധനാഴ്ച നടക്കുന്ന രണ്ടാം ഏകദിനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം മായങ്ക് അഗർവാൾ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തേക്കും. ആദ്യ ഏകദിനത്തിൽ ഇഷാൻ കിഷനാണ് രോഹിത്തിനൊപ്പം ഇന്നിംഗ്സ് തുറന്നത്.
മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരം ജയിച്ച് ഇന്ത്യ മുന്നിലാണ്. ഏകദിന പരമ്പരയ്ക്ക് ശേഷം മൂന്ന് ട്വന്റി-20 മത്സരങ്ങളിലും ഇരുടീമും ഏറ്റുമുട്ടും.