മുംബൈ: കോവിഡ് അനുബന്ധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രഞ്ജി ട്രോഫി മത്സരങ്ങള്‍ ഫെബ്രുവരി 17 മുതല്‍ ആരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. മത്സരങ്ങള്‍ക്ക് വേദിയാകുന്ന ഒമ്പത് അസോസിയേഷനുകള്‍ക്കും ബിസിസിഐ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി.
കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫുമടക്കം ഒരു സ്ക്വാഡില്‍ 30 അംഗങ്ങള്‍ മാത്രമേ പാടുള്ളൂ. ഇതില്‍ 20 പേര് കളിക്കാരും 10 പേര് സപ്പോര്‍ട്ട് സ്റ്റാഫുമായിരിക്കും. ഇവര്‍ക്ക് അഞ്ചു ദിവസത്തെ ക്വാറന്റീന് നിര്‍ബന്ധമാണ്. ഒമ്പത് വ്യത്യസ്ത ബയോ ബബിളുകളിലായി മത്സരങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.
ഫെബ്രുവരി 15, 16 തീയതികളിലായി ടീമുകള്‍ക്ക് പരിശീലനത്തിനിറങ്ങാം. മത്സരത്തിന്റെ രണ്ടാമത്തെയും അഞ്ചാമത്തെയും ദിവസത്തില്‍ ആര്‍ടി-പിസിആര്‍ പരിശോധനകളുണ്ടാകും.
ഓപ്പണിങ് റൗണ്ടിന് ശേഷം ആദ്യ ഘട്ടത്തില്‍ നടക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ മാര്‍ച്ച് 11 മുതല്‍ ആരംഭിക്കും. ഈ ഘട്ടത്തിലെത്തുന്ന ടീമുകള്‍ നാലു ദിവസത്തെ ക്വാറന്റീന് പാലിക്കണം.
ക്വാര്‍ട്ടര്‍, സെമിഫൈനല്‍, ഫൈനല്‍ എന്നിവ ഉള്‍പ്പെടുന്ന രഞ്ജി ട്രോഫിയുടെ രണ്ടാം ഘട്ടം നേരത്തെ പ്രഖ്യാപിച്ചത് പോലെ മെയ് 30 മുതല്‍ നടക്കും.രാജ്കോട്ട്, കട്ടക്ക്, അഹമ്മദാബാദ്, ചെന്നൈ, തിരുവനന്തപുരം, ഡല്‍ഹി, ഹരിയാന, ഗുവാഹത്തി, കൊല്‍ക്കത്ത എന്നിവയാണ് വേദികള്‍.