തിരുവനന്തപുരം: രഞ്ജി ട്രോഫിക്കുളള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബിയാണ് നായകന്. വിഷ്ണു വിനോദ് ആണ് പുതിയ വൈസ് ക്യാപ്റ്റൻ. മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്തും ടീമിലുണ്ട്.
സഞ്ജു സാംസൺ തൽക്കാലം ടീമിലില്ല. ബെംഗളൂരു നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് ടെസ്റ്റിലായതിനാലാണ് ഒഴിവാക്കുന്നതെന്നും അതു കഴിഞ്ഞാൽ ടീമിനൊപ്പം ചേരുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. പരുക്കേറ്റ റോബിൻ ഉത്തപ്പയും ടീമിലില്ല.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് വരുണ്‍ നായനാര്‍, ബൗളിംഗ് ഓള്‍റൗണ്ടര്‍ ഏദന്‍ ആപ്പിള്‍ ടോം, ഓപ്പണര്‍ ആനന്ദ് കൃഷ്ണന്, പേസ് ബൗളര്‍ ഫനൂസ് എന്നിവരാണ് ടീമില്‍ ആദ്യമായി ഇടംപിടിച്ചത്.
പേസര്‍ എസ് ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിനൊപ്പം ചേര്‍ന്നു. ആലപ്പുഴയിലെ രഞ്ജി ട്രോഫി ക്യാംപില്‍ ശ്രീശാന്ത് കഴിഞ്ഞ ദിവസമാണ് എത്തിയത്. ഐപിഎൽ താരലേലത്തിനുളള അന്തിമപട്ടികയില്‍ എത്തിയതിന് പിന്നാലെയാണ് ശ്രീശാന്ത് ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്.
മറ്റു ടീം അംഗങ്ങൾ: ജലജ് സക്സേന, സൽമാൻ നിസാർ, ബേസിൽ തമ്പി, എം.ഡി.നിധീഷ്, സിജോമോൻ ജോസഫ്, രോഹൻ കുന്നുമ്മേൽ, വത്സൽ ഗോവിന്ദ്, പി.രാഹുൽ, കെ.സി. അക്ഷയ്, എസ്.മിഥുൻ, എൻ.പി.ബേസിൽ, മനു കൃഷ്ണൻ, എഫ്.ഫനൂസ്, വിനൂപ് മനോഹരൻ.
രാജ്കോട്ടിൽ 17 മുതലാണ് കേരളത്തിന്റെ മത്സരങ്ങൾ. മേഘാലയ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവരാണ് പ്രാഥമിക റൗണ്ടിലെ എതിരാളികൾ. എലീറ്റ് ഇ ഗ്രൂപ്പിലെ മത്സരങ്ങൾ തിരുവനന്തപുരത്ത് 17 മുതൽ നടക്കും. ആന്ധ്രപ്രദേശ്, രാജസ്ഥാൻ, സർവീസസ്, ഉത്തരാഖണ്ഡ് എന്നിവരാണ് തിരുവനന്തപുരത്ത് കളിക്കുന്നത്.