മീഡിയവൺ സംപ്രേഷണ വിലക്ക് ശരിവച്ച കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഏറെ നിരാശാജനകമാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി വ്യക്തമാക്കി. എന്താണ് ആരോപിക്കപ്പെട്ട കുറ്റം എന്നുപോലും വെളിപ്പെടുത്താതെയാണ് ഈ വിധി. മീഡിയവണ്ണിന്റെ നിയമപോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും അറിയിക്കുന്നതായും നീതി പുലരുംവരെ ഇന്ത്യയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളും കൂടെയുണ്ടാകുമെന്നും ബഷീർ വ്യക്തമാക്കി.
ഇന്നു രാവിലെയാണ് കേന്ദ്ര സർക്കാരിന്റെ സംപ്രേഷണ വിലക്കിനെതിരായി മീഡിയവൺ നൽകിയ ഹരജി ഹൈക്കോടതി തള്ളിയത്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചാനൽ താത്കാലികമായി സംപ്രേഷണം നിർത്തിവച്ചു. സിംഗിൾ ബെഞ്ച് വിധിക്കെതിരെ മീഡിയവൺ ഡിവിഷൻ ബെഞ്ചിനെ സമീപിക്കും. നീതി ലഭിക്കുംവരെ നിയമപോരാട്ടം തുടരുമെന്ന് മീഡിയവൺ വൈസ് ചെയർമാൻ പി. മുജീബുറഹ്‌മാൻ അറിയിച്ചു. കേസിൽ കക്ഷിചേർന്ന കേരള പത്രപ്രവർത്തക യൂനിയനും മേൽക്കോടതിയെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

















