പത്തനംതിട്ട : അധികമഴയിലൂടെ റെക്കാഡിട്ട ജില്ലയിലെ കരഭൂമികൾ വരണ്ടു. കൃഷികൾ ഉണങ്ങി നശിക്കുന്നു. ജില്ലയിൽ പകൽച്ചൂട് ശരാശരി 35 ഡിഗ്രിവരെ രേഖപ്പെടുത്തിയിട്ടുണ്ട്. ചൂടിന്റെ കാഠിന്യത്തിൽ ഭൂഗർഭ ജലനിരപ്പ് താഴ്ന്നതോടെ ജലസ്രോതസുകളെല്ലാം വറ്റി. നദീ തീരങ്ങളിലാണ് ഇപ്പോഴും കുടിനീരുള്ളത്. മലയോര മേഖലയിൽ വരൾച്ച രൂക്ഷമായതോടെ ജലക്ഷാമമാണ്. വെള്ളം കിട്ടാതെ വന്നതോടെ കാർഷികമേഖല കരിഞ്ഞുണങ്ങി.ചൂടിൽ നിരവധി കൃഷിയിടങ്ങളിൽ നാശമുണ്ടായി. വലിയനഷ്ടം സംഭവിച്ചത് ഏത്തവാഴ കർഷകർക്കാണ്.
ഇലകൾ ഉണങ്ങിയും പിണ്ടികളിലെ നീരുവറ്റിയും കുലച്ചവാഴയടക്കം ഒടിഞ്ഞു വീഴുന്നു. വാഴക്കൃഷി കൂടുതലായുള്ള മേഖലകളിൽ ഇത് പതിവുകാഴ്ചയായി. കോന്നി, കലഞ്ഞൂർ, വകയാർ മേഖലകളിൽ തൈവാഴകളടക്കം ഉണങ്ങി. അടൂരിൽ ഏനാദിമംഗലം പഞ്ചായത്തിലെ കുറുമ്പകരയിലും ഏറത്തെ ചൂരക്കോട്, നെടുംകുന്നുമല, കടമ്പനാട് ഭാഗങ്ങളിലും ഏത്തവാഴകൾ ഒടിഞ്ഞു.
വാഴക്കൃഷിയിൽ ഏറ്റവുമധികം നഷ്ടംനേരിട്ട മറ്റൊരു പ്രദേശം പന്തളമാണ്. കുരമ്പാല, പൂഴിക്കാട്, വലക്കടവ് ഭാഗങ്ങളിൽ വൻതോതിൽ വാഴ നശിക്കുകയും ചെയ്തിട്ടുണ്ട്.