മുംബൈ: മടങ്ങിവരവിനായി കാത്തിരിക്കുന്ന ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ രഞ്ജി ട്രോഫി കളിക്കില്ല. കേദാര്‍ ദേവ്ധാര്‍ നയിക്കുന്ന ബറോഡ ടീമില്‍ ഹര്‍ദിക്കിന്റെ പേരില്ല. വൈറ്റ് ബോൾ ക്രിക്കറ്റില്‍ ശ്രദ്ധിക്കാനാണ് ഹര്‍ദിക് പാണ്ഡ്യ തീരുമാനം എടുത്തിരിക്കുന്നത്. ഹര്‍ദിക്കിന്റെ സഹോദരന് ക്രുനാല്‍ പാണ്ഡ്യ രഞ്ജി ട്രോഫി കളിക്കും. വിഷ്ണു സോളങ്കിയാണ് ബറോഡയുടെ ഉപനായകനായി എത്തുന്നത്.
ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ജേഴ്സിയണിഞ്ഞിട്ടില്ല ഹര്‍ദിക് പാണ്ഡ്യ. ശസ്ത്രക്രിയക്ക് ശേഷം പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനായി ടീമില്‍ നിന്ന് സ്വമേധയാ മാറിനില്‍ക്കുകയായിരുന്നു താരം. ടി20 ലോകകപ്പില്‍ പന്തെറിയാതിരുന്നതില് ഓള്‍റൗണ്ടറായ ഹര്‍ദിക് വലിയ വിമര്‍ശനം നേരിട്ടിരുന്നു. 2018 ഡിസംബറിന് ശേഷം റെഡ് ബോളില്‍ കളിച്ചിട്ടില്ല താരം. രഞ്ജി ട്രോഫി കളിച്ച് ആരോഗ്യം മെച്ചപ്പെടുത്തി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ ഹര്‍ദിക്കിന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഉപദേശം നല്‍കിയിരുന്നു. രഞ്ജിയില്‍ കൂടുതല്‍ ഓവറുകള്‍ ഹര്‍ദിക് എറിയുമെന്ന പ്രതീക്ഷയും ഗാംഗുലി പങ്കിട്ടിരുന്നു. എന്നാല്‍ ഇക്കുറി രഞ്ജി ട്രോഫി കളിക്കേണ്ടാ എന്ന് തന്നെയാണ് ഹര്‍ദിക് പാണ്ഡ്യയുടെ തീരുമാനം.