മുംബൈ: വനിതകളുടെ ഇന്ത്യൻ പ്രീമിയർ ലീഗ് ടൂർണമെന്റ് ഉടൻ തന്നെ ആരംഭിക്കുമെന്ന് ബിസിസിഐ. അടുത്ത വർഷം ആദ്യം തന്നെ ഒരു സമ്പൂർണ്ണ വനിതാ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നതെന്നും അതിന്റെ ജോലികൾ അതിവേഗം പുരോഗമിക്കുകയാണെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
വരുന്ന സീസൺ മുതൽ വനിതാ ഐപിഎൽ നടത്തുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയും അറിയിച്ചിരുന്നു. ഐപിഎല്ലിന് തുല്യമായി വനിതാ ടി20 ടൂർണമെന്റിനായി മുൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ളവർ ആവശ്യം ഉന്നയിച്ചിരുന്നു.
ഐപിഎല്ലിന് സമാന്തരമായി വിമൻസ് ടി20 ചലഞ്ച് ആണ് ഇപ്പോൾ ബിസിസിഐ നടത്തുന്നത്. മൂന്ന് ടീമുകൾ മാത്രമാണ് മിനി ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഈ വർഷവും മൂന്ന് ടീമുകൾ പങ്കെടുക്കുന്ന വിമൻസ് ടി20 ചലഞ്ച് അരങ്ങേറും.