തൃശൂർ: നഗരത്തിലെ പട്ടാളം മാർക്കറ്റിൽ വൻ തീപ്പിടുത്തം നടന്നു. മാർക്കറ്റിന് പുറകിലെ മാലിന്യങ്ങൾക്കാണ് തീ പടർന്നത്. മാലിന്യങ്ങൾ ഓയിലും ഡീസലുമടക്കം കലർന്നതായതിനാൽ അതിവേഗത്തിൽ തീ കത്തിപ്പടരുകയായിരുന്നു. മാലിന്യങ്ങളിൽ പ്ലാസ്റ്റിക്കും ടയറുകളും അടക്കമുള്ളവയുണ്ടായിരുന്നത് തീയും പുകയുമുയരാൻ ഇടയാക്കി. ഇത് നഗരത്തെ ഏറെ പരിഭ്രാന്തി സൃഷ്ട്ടിച്ചു.
തൃശൂർ അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തി രണ്ട് മണിക്കൂറോളമെടുത്താണ് തീ അണച്ചത്. പൊലീസും സ്ഥലത്തെത്തിയിരുന്നു. ഏറെ തിരക്ക് ഉണ്ടാകാറുള്ള പട്ടാളം മാർക്കറ്റിൽ ഞായറാഴ്ചയായിരുന്നതിനാൽ ആൾത്തിരക്ക് ഇല്ലായിരുന്നു. ഇത് തീയണയ്ക്കാനും ആളപായം ഇല്ലാതിരിക്കാനും ഏറെ സഹായകമായി. തീ പടരുന്നതറിഞ്ഞ ഡിവിഷൻ കൗൺസിലറാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. മാർക്കറ്റിലെ ഷോപ്പുകളിലേക്ക് തീ പടരാതെ ഫയർഫോഴ്സിന് തീയണയ്ക്കാനായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.