തൃക്കാക്കര : തൃക്കാക്കര നഗരസഭ ഏറെ കൊട്ടിഘോഷിച്ചു നടപ്പാക്കിയ പുകയില, പ്ലാസ്റ്റിക് നിരോധനങ്ങൾ ഫയലിൽ ഉറങ്ങുന്നു. ലഹരിവസ്തുക്കളായ ഹാൻസ്, പാൻപരാഗ് തുടങ്ങിയവയുടെ നിരോധനം നടപ്പാക്കി വർഷങ്ങളായിട്ടും തൃക്കാക്കരയിൽ രഹസ്യവിൽപനയിലൂടെ കച്ചവടക്കാർ വൻനേട്ടമുണ്ടാക്കുന്നു. നിരോധനത്തിന് മുൻപുണ്ടായിരുന്നതിന്റെ മൂന്നിരട്ടിയും നാലിരട്ടിയും വിലനൽകിയാണ് ഉപഭോക്താക്കൾക്ക് ഇവ ഇപ്പോൾ ലഭ്യമാകുന്നുണ്ട് .
നഗരസഭയുടെ വിളിപ്പാടകലെ മൂന്ന് സ്ഥലങ്ങളിൽ പുകയില ഉത്പന്നങ്ങളുടെ വില്പന തകൃതിയായി നടക്കുന്നുണ്ട്. കെട്ടിട നിർമ്മാണ മേഖലയിലുള്ളവരും അന്യസംസ്ഥാന തൊഴിലാളികളും മലയാളികളും ഉപഭോക്താക്കളാണ്. ആദ്യ ഘട്ടത്തിൽ ലഹരിമുക്ത വാർഡ് എന്നെഴുതിയ ബോർഡുകൾ ഭൂരിഭാഗം വാർഡുകളിലും നഗരസഭ സ്ഥാപിച്ചിരുന്നു. പക്ഷെ , പല വാർഡുകളിലും ഇപ്പോൾ ബോർഡുപോലും ഇല്ലെന്നതാണ് സത്യം.