മുന്നാർ: കന്നിമല എസ്റ്റേറ്റിൽ ഒറ്റയടിക്ക് പുലി വകവരുത്തിയത് നാലു പശു കിടാക്കളെ. പ്രശ്നം കൈവിട്ടു പോകുന്ന നിലയിലായിട്ടും വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.ഒന്നിനു പുറകെ ഒന്നായി വന്യമൃഗത്തിൽ ഭീഷണിയിൽ നിന്നും മുക്തമാകാതെ എസ്റ്റേറ്റിലെ തൊഴിലാളികൾ ആശങ്കയിലായി. കഴിഞ്ഞ ദിവസം പകൽ സമയത്ത് പണിയെടുക്കുന്നതിനയിൽ തൊഴിലാളികളുടെ സമീപത്ത് എത്തിയതിന് പിന്നാലെ അതേ എസ്റ്റേറ്റിൽ തന്നെ പുലി ഒറ്റയടിക്ക് വക വരുത്തിയത് നാലു പശുകിടാക്കളെ ആയിരിന്നു.
കന്നിമല ലോവർ ഡിവിഷനിലെ നാലു പശുക്കിടാക്കളാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കന്നിമല ലോവർ ഡിവിഷനിലെ തൊഴിലാളിയായ കസമുത്തുവിന്റെ പശുക്കളാണ് കൊല്ലപ്പെട്ടത്. തോട്ടത്തിൽ പണിയെടുക്കാൻ വന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ട നിലയിൽ പശുക്കളെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മേയാൻ വിട്ട പശുക്കൾ രാത്രി വൈകിയിട്ടും മടങ്ങി വന്നിരുന്നില്ല. കൊല്ലപ്പെട്ട മൂന്നു പശുക്കൾ സമീപത്തായാണ് കിടന്നതെങ്കിലും ഒരു പശുവിനെ വലിച്ചിഴച്ച് കാട്ടിനുള്ളിലേക്ക് കൊണ്ടുപോകുകയും പാതി ഭക്ഷിച്ച നിലയിലുമാണ് കണ്ടെത്തിയിരിക്കുന്നത്.