ഷാർജ: ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നതിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാൻ ബോധവത്കരണ ക്യാമ്പെയിനുമായി ഷാർജ പോലീസ്. ഓൺലൈൻ കുറ്റകൃത്യങ്ങളിൽ ഉണ്ടായ വർധനയെത്തുടർന്നാണ് പോലീസ് നടപടി. കുട്ടികളും വലിയ തോതിൽ ഓൺലൈൻ തട്ടിപ്പുകളിൽ ഇരയാക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്.
പൊതുജനങ്ങളെ – പ്രത്യേകിച്ച് കുട്ടികളെയും കൗമാരക്കാരെയും – സംരക്ഷിക്കാനായാണ് ബോധവത്കരണ ക്യാമ്പെയിൻ ആരംഭിച്ചതെന്ന് ഷാർജ പോലീസ് സൈബർ ക്രൈം ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ആപ്പുകളും വീഡിയോ ഗെയിമുകളും നിയന്ത്രിക്കാനും നിരീക്ഷിക്കാനും കഴിയുന്ന ഒരു കേന്ദ്രം സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്നും ഷാർജ പോലീസ് വ്യക്തമാക്കി.