ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്.സിക്കെതിരെ മുംബൈ സിറ്റി എഫ്.സിക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈയുടെ ജയം. 85ാം മിനുറ്റിൽ വിക്രം പ്രതാപ് സിങ് നേടിയ ഗോളാണ് മുംബൈക്ക് വിജയമൊരുക്കിയത്.
മത്സരത്തിൽ മുന്നിട്ടുനിന്ന മുംബൈ അർഹിച്ച ജയം തന്നെയാണ് നേടിയത്. ചെന്നൈയിൻ ചില അവസരങ്ങൾ സൃഷ്ടിച്ചെടുത്തെങ്കിലും മുംബൈയെ പരീക്ഷിക്കാനായില്ല. അവർക്ക് ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തൊടുക്കാൻ സാധിച്ചതുമില്ല.
ജയത്തോടെ 14 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി മുംബൈ സിറ്റി അഞ്ചാം സ്ഥാനത്ത് എത്തി. ചെന്നൈയിൻ 19 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. 26 പോയിന്റുമായി ഹൈദരാബാദ് എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്. 23 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്തും.