ഐ.എസ്.എലിൽ ജംഷഡ്പൂർ എഫ്സിയെ വീഴ്ത്തി ബെംഗളുരു എഫ്സി. ബാംബോലിമിലെ അത്ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബെംഗളുരുവിന്റെ ജയം.
ആദ്യ മിനിറ്റിനുള്ളിൽ ഡാനിയൽ ചിമ ചുക്വു ജംഷഡ്പൂരിന് ലീഡ് നൽകിയെങ്കിലും രണ്ടാം പകുതിയിൽ ബെംഗളൂരു ഗംഭീര തിരിച്ചുവരവ് നടത്തി. 55-ാം മിനിറ്റിൽ സുനിൽ ഛേത്രിയുടെ സമനില ഗോൾ കണ്ടെത്തി. ഇതോടെ ഐഎസ്എല്ലിലെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനെന്ന റോക്കോര്ഡിനൊപ്പമെത്തി സുനില്‍ ഛേത്രി. ബര്‍തോലോമ്യു ഒഗ്ബെച്ചെയാണ് 49 ഗോളുകളുമായി ഛേത്രിക്കൊപ്പമുളളത്.
പിന്നാലെ 62 ആം മിനിറ്റിലും 90 ആം മിനിറ്റിലും ക്ലീറ്റൺ സിൽവ ഇരട്ട ഗോളുകൾ നേടി ജയം ആധികാരികമാക്കി.
ജയത്തോടെ ബെംഗലൂരു ജംഷഡ്പൂരിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി 23 പോയന്റുമായി മൂന്നാം സ്ഥാനത്തെത്തി.