തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ സ്കൂളുകളുടെ പ്രവർത്തന സമയം വൈകുന്നേരം വരെയാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന 10,11,12 ക്ലാസുകളുടെ പ്രവർത്തന സമയം വൈകുന്നേരം വരെയാക്കാൻ ധാരണയായി. കഴിഞ്ഞ ദിവസത്തെ അവലോകനയോഗത്തിലാണ് സ്കൂളുകളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് സ്കൂളുകള്‍ ഇതുവരെയും ഉച്ച സമയം വരെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസുകള്‍. ഒന്നു മുതൽ ഒമ്പതു വരെയുള്ള ക്ലാസുകളുടെ അധ്യായനം വൈകുന്നേരം വരെ നീട്ടുന്ന കാര്യവും വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലുണ്ട്.
കഴിഞ്ഞ മാസം 21 മുതല്‍ ഒന്നു തൊട്ട് ഒമ്പത് വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച മുതല്‍ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യയനം വീണ്ടും ആരംഭിക്കുമ്പോള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ക്ലാസുകള്‍ നടത്താനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് എത്തിയിരിക്കുന്നത്. ഒന്നുമുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ 14ന് ആണ് അധ്യയനം ആരംഭിക്കുന്നത്.