സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ ജസ്റ്റിന് ലാംഗര്‍ പരിശീലക സ്ഥാനം രാജിവെച്ചതായി റിപ്പോർട്ടുകൾ. കോച്ചിങ് ശൈലിക്കെതിരെ നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഓസീസ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് ആന്‍ഡ്രൂ മക്ഡൊണാള്‍ഡിനാണ് ഇടക്കാല ചുമതല. ജസ്റ്റിന് ലാംഗറുമായി സ്വകാര്യ ചര്‍ച്ചകളിലേക്ക് ഇനി കടക്കുമെന്നും വൈകാതെ തീരുമാനം ഉണ്ടാകുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ പിന്നീട് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. നാല് വര്‍ഷത്തെ കരാറാണ് ലാംഗറും ക്രിക്കറ്റ് ഓസ്ട്രേലിയയും തമ്മിലുണ്ടായത്. ഇത് ജൂണില്‍ അവസാനിക്കാനിരിക്കെയാണ് രാജിവെച്ചത്.
പന്ത് ചുരണ്ടല്‍ വിവാദത്തിനുശേഷം ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ തിരിച്ചുവരവിന് വഴി ഒരുക്കിയ ലാംഗറിന്റെ പരിശീലനത്തില്‍ ഓസീസ് ആഷസ് പരമ്പരയും ചരിത്രത്തില്‍ ആദ്യമായി ട്വന്റി 20 ലോകകപ്പും വിജയിച്ചിരുന്നു.