മുംബൈ: ടീം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ വിരാട് കോലിയുടെ പിന്‍ഗാമി ആരാകുമെന്ന ചര്‍ച്ച സജീവമാണ്. വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ , പേസര്‍ ജസ്പ്രീത് ബുമ്ര എന്നിവര്‍ക്കൊപ്പം വെറ്ററന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്റെ പേരും സജീവമാണ്. എന്നാല്‍ അശ്വിന് ഇന്ത്യന്‍ ക്യാപ്റ്റനാകാന്‍ സാധ്യതയില്ല എന്നാണ് മുന്‍ ബൗളിംഗ് പരിശീലകന് ഭരത് അരുണിന്റെ നിരീക്ഷണം.
‘ടീം കോംബിനേഷനില്‍ മാറ്റം വന്നാല്‍ എന്ത് ചെയ്യും. നിലവിലെ സാഹചര്യത്തില്‍ ബൗളര്‍മാര്‍ ക്യാപ്റ്റനാവുന്നത് വലിയ വെല്ലുവിളിയാണ്. കളിക്കുന്ന വിവിധ പിച്ചുകളുടെ സ്വഭാവം പരിഗണിക്കണം. വിദേശത്ത് ഒരു സ്പിന്നറെ മാത്രം കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഓള്‍റൗണ്ടര്‍ എന്ന നിലയ്ക്ക് രവീന്ദ്ര ജഡേജയ്ക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം ഒരുങ്ങും . ഇതോടെ ക്യാപ്റ്റന്‍സി ഒരു പ്രശ്നമാകും. അതിനാല്‍ ഒരു ബാറ്ററെയാണ് ടെസ്റ്റ് നായകനായി ഞാന്‍ നിര്‍ദേശിക്കുക’ എന്നും ഭരത് അരുണ്‍ വ്യക്തമാക്കി.