അബുദാബി: ഒരുവർഷം കൊണ്ട് ദുബായിലെ ഹോട്ടലുകളിൽ 50 ശതമാനത്തിന്റെ വർധനവ്. കഴിഞ്ഞ വർഷം മാത്രം പുതിയതായി ഹോട്ടലുകളും റസ്റ്റോറന്റുകളടക്കം 1343 ഭക്ഷ്യ സ്ഥാപനങ്ങൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു. ഇതു മൂലം മുൻ വർഷത്തെ അപേക്ഷിച്ച് 12 ശതമാനം അധിക പരിശോധനകൾ നടത്തിയതായും മുൻസിപ്പാലിറ്റി വ്യക്തമാക്കി. 76195 പരിശോധനകളാണ് ഭക്ഷ്യ സ്ഥാപനങ്ങളിൽ കഴിഞ്ഞ വർഷം മാത്രം നടത്തിയത്.
കോവിഡുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് സൂചിപ്പിച്ച് 4961 പരാതികളാണ് കഴിഞ്ഞ വർഷം ലഭിച്ചത്. ശരാശരി 13 പരാതികളാണ് ദിവസവും എത്തിയത്. അതേസമയം ഭൂരിഭാഗം ഭക്ഷ്യ സ്ഥാപനങ്ങളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ദുബായ് മുൻസിപ്പാലിറ്റി ഭക്ഷ്യ വിഭാഗം അറിയിച്ചു. ഡെലിവറി വാഹനങ്ങൾ അണു വിമുക്തമാക്കുന്നത് സംബന്ധിച്ചും പരിശോധനകൾ കർശനമാക്കിയെന്നും അധികൃതർ വ്യക്തമാക്കി.