പത്തനംതിട്ട : പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായ മണിയാർഡാമിലെ അഞ്ച് ഷട്ടറുകളും മാറ്റി പുതിയത് സ്ഥാപിക്കാൻ തീരുമാനം ആയിട്ടുണ്ട്. ഏഴ് കോടി ചെലവ് കണക്കാക്കുന്ന പദ്ധതിയുടെ ഇ ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണ്. 2018 മഹാപ്രളയത്തിൽ കൂറ്റൻ പാറകളും തടികളും വന്നിടിച്ച ഡാമിന്റെ നിലവിലുള്ള ഷട്ടറുകൾ പല തവണ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും തകരാറുകൾ പൂർണമായി പരിഹരിക്കപ്പെട്ടില്ല. അറ്റകുറ്റപ്പണികൾക്കായി ജലസേചന വകുപ്പ് ലക്ഷങ്ങളാണ് ചെലവാക്കിയത്. മെക്കാനിക്കൽ വിഭാഗം നടത്തിയ വിശദ പരിശോധനയിൽ ഷട്ടറുകൾ അഞ്ചും മാറ്റി പുതിയത് സ്ഥാപിക്കണമെന്ന് റിപ്പോർട്ട് നൽകിയിരുന്നു.
മഹാരാഷ്ട്ര ആസ്ഥാനമായ കമ്പനി നിർമാണക്കരാർ ഏറ്റെടുക്കുമെന്നാണ് സൂചന. പുതിയ ഷട്ടറുകൾ സ്ഥാപിക്കുന്നതിന് കുറഞ്ഞത് എട്ട് മാസം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. പ്രളയത്തിൽ ഡാമിൽ അടിഞ്ഞ ചെളി നീക്കി എംസാൻഡ് ചാക്കുകൾ അടുക്കി ബണ്ട് നിർമ്മിച്ച് വെള്ളം കെട്ടിനിറുത്തിയാണ് നിർമ്മാണം നടത്തുന്നത്.