താനൂർ: മലബാറിൽ ഏറ്റവും കൂടുതൽ മത്സ്യ ലഭ്യത ഉള്ള തീരദേശം. 1700 രജിസ്‌ട്രേഡ് യാനങ്ങൾ (ബോട്ടുകൾ). മത്സ്യഫെഡിന്റെ അംഗീകാരമുള്ള പതിനായിരത്തോളം മത്സ്യത്തൊഴിലാളികൾ. തീരത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ഏകദേശം ഒരുലക്ഷം അനുബന്ധ തൊഴിലാളികൾ… താനൂർ തീരദേശത്തിന്റെ മഹിമയാണിതെല്ലാം. ഘട്ടം ഘട്ടമായി നടക്കുന്ന വികസനപ്രവർത്തനങ്ങൾ കൂടി കഴിയുന്നതോടെ താനൂർ ഹാർബർ മത്സ്യങ്ങളാൽ സമ്പന്നമായ കടൽപോലെ സൗകര്യങ്ങളാൽ നിറയുന്നൊരിടമാകും.
55.8 കോടി രൂപ ചെലവഴിച്ചു പൂർത്തീകരിച്ച താനൂർ ഹാർബറിന്റെ ഒന്നാംഘട്ട വികസനത്തിൽ 1350 മീറ്റർ തെക്കേ പുലിമുട്ട്, 700 മീറ്റർ വടക്കേ പുലിമുട്ട്, വലിയ ജെട്ടി, ലേല ഹാൾ, മത്സ്യം ലോഡ് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ, റിക്ലമേഷൻ ബണ്ട്, ഡ്രഡ്ജിംഗ് എന്നീ പ്രവൃത്തികൾ ഉൾപ്പെടുന്നു. രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്ക് 13.90 കോടി രൂപയും അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
















