ദുബായ്: ഐ.സി.സിയുടെ 2021-ലെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം സ്വന്തമാക്കി ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ ഡാരില്‍ മിച്ചല്‍. കളിക്കളത്തില്‍ മാന്യത പുലര്‍ത്തുന്ന താരങ്ങള്‍ക്കാണ് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് സമ്മാനിക്കുന്നത്.
ഈ പുരസ്കാരം നേടുന്ന നാലാമത്തെ ന്യൂസീലന്‍ഡ് താരമാണ് മിച്ചല്‍. ഇതിനുമുന്‍പ് ഡാനിയല്‍ വെട്ടോറി, ബ്രണ്ടന്‍ മക്കല്ലം, കെയ്ന്‍ വില്യംസണ് എന്നിവര്‍ ഈ പുരസ്കാരം നേടിയിട്ടുണ്ട്.
ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഒരു അനായാസ സിംഗിൾ എടുക്കാതിരുന്നതിനാണ് അവാർഡ്. ഇംഗ്ലണ്ട് ബൗളർ ആദിൽ റഷീദിന്റെ വഴിക്ക് തടസ്സം ഉണ്ടാകുമെന്ന് തോന്നിയതിനാൽ ഡാരിൽ സിംഗിളിനായി ഓടിയിരുന്നില്ല. ആദിൽ റഷീദ് എറിഞ്ഞ 18-ാം ഓവറിലെ ആദ്യ പന്തിൽ ആയിരുന്നു സംഭവം. താരത്തിന്റെ ഈ തീരുമാനം വലിയ കൈയടിയോടെ ആരാധകര്‍ സ്വീകരിച്ചു. മത്സരത്തില്‍ ന്യൂസീലന്‍ഡ് വിജയം നേടുകയും ചെയ്തു. ആ മത്സരത്തില്‍ 47 പന്തുകളില്‍ നിന്ന് പുറത്താവാതെ 72 റണ്‍സാണ് മിച്ചല്‍ അടിച്ചെടുത്തത്.