ഇന്ത്യയുടെ 1000-ാമത് ഏകദിന മത്സരം ഫെബ്രുവരി ആറിന് നടക്കും. 1000 ഏകദിനം കളിക്കുന്ന ലോകത്തിലെ ആദ്യ ടീമാണ് ഇന്ത്യ. പരമ്പരയിലെ എതിരാളികളായ വെസ്റ്റിൻഡീസ് അഹമ്മദാബാദിലെത്തി.
മൂന്നു ഏകദിനങ്ങളും ടി20 മത്സരങ്ങളും അടങ്ങുന്ന പരമ്പരക്കായുള്ള കീറൺ പൊള്ളാർഡിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ചയാണ് എത്തിയത്. ഫെബ്രുവരി ആറിനാണ് ആദ്യ ഏകദിന മത്സരം. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം തിങ്കളാഴ്ച അഹമ്മദാബാദിലെത്തിയിട്ടുണ്ട്.
അഹമ്മദാബാദിൽ എത്തിയതിന് പിന്നാലെ ഇന്ത്യൻ ടീം ബയോബബിൾ സുരക്ഷയിലേക്ക് മാറിയിരിക്കുകയാണ്. രോഹിത് ശർമ്മ ഇന്ത്യയുടെ ഏകദിന നായകനായി അരങ്ങേറുന്നു എന്ന പ്രത്യേകത കൂടി ഈ പരമ്പരയ്ക്കുണ്ട്.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര നേടിയതിന് പിന്നാലെയാണ് വിൻഡീസ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. ഇന്ത്യയിലെ പരമ്പരക്കായി കെമർറോച്ച്, എക്രുമാ ബോന്നെർ എന്നിവരെ വെസ്റ്റിൻഡീസ് തിരിച്ചുവിളിച്ചിരിക്കുകയാണ്. ഫാബിയൻ അലെൻ, ഡാരൺ ബ്രാവേ, ഷർമാ ബ്രൂക്സ്, ജാസൺ ഹോൾഡർ, ഷായ് ഹോപ്, അകീൽ ഹൊസൈൻ, അൽസരി ജോസഫ്, ബ്രാൻഡൻ കിംഗ്, നികോളാസ് പൂരാൻ, റൊമാരിയോ ഷെപേർഡ്, ഒഡിയൻ സ്മിത്ത്, ഹെയ്ഡൻ വാൽഷ് ജൂനിയർ എന്നിവരും പൊള്ളാർഡിന്റെ സംഘത്തിലുണ്ട്.
After a long couple days of travel from Barbados, the #MenInMaroon have arrived in India! ✌🏿 #INDvWI 🏏🌴 pic.twitter.com/ogvbrtQqTy
— Windies Cricket (@windiescricket) February 2, 2022
ഇന്ത്യൻ ടീമിൽപേസ്ബൗളർ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിച്ചപ്പോൾ ഐപിഎല്ലിൽ തിളങ്ങിയ ലെഗ് സ്പിന്നർ രവി ബിഷ്ണോയിയും ഓൾറൗണ്ടർ ദീപക് ഹൂഡയും ടീമിൽ ഇടം പിടിച്ചു. റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവ് ഒരിടവേളയ്ക്കു ശേഷം ഇന്ത്യയുടെ നിശ്ചിത ഓവർ ടീമുകളിലേക്കു തിരിച്ചെത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം.
അതേസമയം, ഏകദിന മത്സരങ്ങൾ നേരിട്ട് കാണാൻ ക്രിക്കറ്റ്പ്രേമികൾക്ക് അവസരമുണ്ടാകില്ലെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. യഥാർത്ഥ ഷെഡ്യൂൾ പ്രകാരം അഹമ്മദാബാദ്, ജയ്പൂർ, കൊൽക്കത്ത എന്നിവിടങ്ങളിൽ ഏകദിന മത്സരങ്ങളും കട്ടക്, വിശാഖപട്ടണം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ടി20 മത്സരങ്ങളും നടക്കേണ്ടിയിരുന്നു. എന്നാൽ കോവിഡ് സാഹചര്യം പരിഗണിച്ച് ഏകദിനം അഹമ്മദാബാദിലും ടി20 കൊൽക്കത്തയിലും നടത്താൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.