കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിൽ യുവാവ് കുത്തേറ്റുമരിച്ചു. പാറോപ്പടി മേലെ വാകേരി ഹംസക്കോയയുടെ മകൻ ഫൈസൽ (43) ആണ് മരിച്ചത്. ഇയാളെ ആക്രമിച്ചതെന്ന് സംശയിക്കുന്ന കായംകുളം പുള്ളിക്കണക്ക പതിയാരത്ത് വീട്ടിൽ ഷാനവാസിനെ (37) ടൗൺ പോലീസ് കസ്റ്റഡിയിൽ എടുത്തു. നഗരത്തിൽ കളിപ്പാട്ട വിൽപ്പന നടത്തുന്ന ആളാണ് ഷാനവാസ്.
ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന്, കത്തിയുപയോഗിച്ച് ഷാനവാസ് ഫൈസലിനെ കുത്തുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. രക്ഷപ്പെടാനായി റെയിൽവേ സ്റ്റേഷനുള്ളിൽ കയറിയ ഷാനവാസിനെ റെയിൽവേ പോർട്ടർമാരും പോലീസും ചേർന്ന് മൂന്നാം പ്ലാറ്റ്ഫോമിൽനിന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. മോഷണക്കേസിലും കഞ്ചാവുകേസിലും നേരത്തേ പ്രതിയാണ് കൊല്ലപ്പെട്ട ഫൈസൽ.
















