അഹമ്മദാബാദ്: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയില്‍ കാണികളെ പ്രവേശിപ്പിക്കില്ല. ഫെബ്രുവരി ആറ് മുതല്‍ 11 വരെ നടക്കുന്ന പരമ്പരയില്‍ കൊവിഡ് കാരണത്താല്‍ കാണികളെ പ്രവേശിപ്പിക്കണ്ടാ എന്നാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് വേദിയാവുന്നത്.
‘വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കാനായി എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. ടീം ഇന്ത്യയുടെ ആയിരാമത്തെ ഏകദിനമായതിനാല് ഫെബ്രുവരി ആറിന് നടക്കുന്ന ആദ്യ ഏകദിനം സവിശേഷമാണ്. ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ടീമാണ് ഇന്ത്യ. നിലവിലെ കൊവിഡ് സാഹചര്യം പരിഗണിച്ച് മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനാണ് തീരുമാനം’ എന്നും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് ട്വിറ്ററിൽ കുറിച്ചു.