മരട്: കൊവിഡ് പ്രതിരോധ സാമഗ്രികൾ ഇല്ലെന്ന് ആരോപിച്ച് മരടിൽ ആശാ വർക്കർമാർ പ്രതിഷേധിച്ചു. കൊവിഡ് പ്രതിരോധത്തിനാവശ്യമായ മാസ്ക്, സാനിറ്റൈസർ, മുഖാവരണം എന്നിവ നൽകാത്ത മരട് മുനിസിപ്പാലിറ്റിയുടെ നടപടിയിൽ പ്രതിഷേധിച്ച് ആശാ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ മരട് മുനിസിപ്പൽ ഓഫീസിനു മുന്നിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
സമരം ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ.പി. ലവ്‌ലി ഉദ്ഘാടനം ചെയ്തു. വിമൽ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു തൃപ്പൂണിത്തുറ മേഖലാ സെക്രട്ടറി എസ്. മധുസൂതനൻ, എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡർ സി.ആർ. ഷാനവാസ്, എം.പി. സുനിൽ കുമാർ, ശാലിനി അനിൽരാജ് എന്നിവർ സംസാരിക്കുകയും ചെയ്തു.
















