മുംബൈ: ഇന്ത്യൻ പ്രിമിയർ ലീഗിന്റെ 15–ാം പതിപ്പിനു മുന്നോടിയായുള്ള മെഗാ താരലേലം ഈ മാസം 12, 13 തീയതികളിൽ നടക്കാനിരിക്കെ, ലേലത്തിൽ പങ്കെടുക്കുന്ന 10 ടീമുകളും താൽപര്യം പ്രകടിപ്പിച്ച താരങ്ങളുടെ ചുരുക്കപ്പട്ടിക ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പുറത്തുവിട്ടു. താരലേലത്തിനായി റജിസ്റ്റർ ചെയ്ത 1214 താരങ്ങളിൽനിന്നും പുറത്തുനിന്നുമായിട്ടാണ് ടീമുകൾ താൽപര്യം പ്രകടിപ്പിച്ച 590 താരങ്ങളെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
590 താരങ്ങളില്‍ 228 പേര് ദേശീയ ടീം അംഗങ്ങളാണ്. 355 പേര് ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത താരങ്ങളാണ്. അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഏഴ് കളിക്കാരും പട്ടികയിലുണ്ട്.
കഴിഞ്ഞ തവണ പേര് റജിസ്റ്റർ ചെയ്തിട്ടും ടീമുകൾ താൽപര്യം പ്രകടിപ്പിക്കാതിരുന്നതിനാൽ ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കാതെ പോയ മലയാളി താരം ശ്രീശാന്ത് ഇത്തവണ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ആദ്യ കടമ്പ കടന്നു. ഇതോടെ, താരലേലത്തിൽ ശ്രീശാന്തിന്റെ പേരു വരുമെന്ന് ഉറപ്പായി. ശ്രീശാന്തിന് 50 ലക്ഷം രൂപയാണ് അടിസ്ഥാന വില. 370 ഇന്ത്യന്‍ താരങ്ങളും 47 ഓസീസ് താരങ്ങളും 33 ദക്ഷിണാഫ്രിക്കന്‍ താരങ്ങളും 34 വിന്‍ഡീസ് താരങ്ങളും പട്ടികയിലുണ്ട്.
ഇതില്‍ 48 കളിക്കാരുടെ അടിസ്ഥാന വില രണ്ട് കോടിയാണ്. 20 താരങ്ങളുടെ അടിസ്ഥാന വില 1.5 കോടിയും 34 താരങ്ങളുടെ അടിസ്ഥാന വില ഒരു കോടിയുമാണ്.
10 മാര്‍ക്വീ താരങ്ങളാണ് ലേലത്തിനുള്ളത്. ശിഖര്‍ ധവാന്, മുഹമ്മദ് ഷമി, ഫാഫ് ഡു പ്ലെസിസ്, ഡേവിഡ് വാര്‍ണര്‍, പാറ്റ് കമ്മിന്‍സ്, ശ്രേയസ് അയ്യര്‍, ആര്. അശ്വിന്, ക്വിന്റണ്‍ ഡിക്കോക്ക്, കാഗിസോ റബാദ, ട്രെന്റ് ബോള്‍ട്ട് എന്നിവരാണ് മാര്‍ക്വീ താരങ്ങള്‍. ക്രിസ് ഗെയ്ല്, ബെന്‍ സ്റ്റോക്ക്സ് എന്നിവര്‍ ഈ വര്‍ഷം കളിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു.
മെഗാ ലേലത്തിനുള്ള ഷോർട്ട് ലിസ്റ്റിൽ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറും ഉള്‍പ്പെട്ടിട്ടുണ്ട്. രാജസ്ഥാൻ റോയൽസിൻ്റെ താരമായിരുന്ന ആർച്ചറെ മെഗാ ലേലത്തിനു മുൻപ് ഫ്രാഞ്ചൈസി നിലനിർത്തിയിരുന്നില്ല. ഇതിനു പിന്നാലെയാണ് താരം ലേലത്തിൽ പേര് രജിസ്റ്റർ ചെയ്തത്. ലിസ്റ്റിൽ പേരുണ്ടെങ്കിലും 2022 സീസണിൽ ആർച്ചർ കളിക്കില്ല. 2023 സീസണിൽ താരം കളിക്കുമെന്നാണ് വിവരം. ആർച്ചറെ ടീമിൽ ഉൾപ്പെടുത്തുന്ന ഫ്രാഞ്ചൈസിക്ക് ഇക്കൊല്ലം പകരക്കാരെ അനുവദിക്കില്ലെന്ന് ഐപിഎൽ അധികൃതർ അറിയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഏറെക്കാലമായി പരുക്കേറ്റ് കളത്തിനു പുറത്തുള്ള താരം കഴിഞ്ഞ സീസൺ ഐപിഎൽ കളിച്ചിരുന്നില്ല. ടി-20 ലോകകപ്പും ആഷസും ഉൾപ്പെടെ നിർണായക ടൂർണമെൻ്റുകളൊക്കെ നഷ്ടമായ ആർച്ചർ എപ്പോഴാണ് പരുക്കിൽ നിന്ന് മുക്തനാവുക എന്നതിൽ വ്യക്തതയുണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് താരത്തെ രാജസ്ഥാൻ റോയൽസ് റിലീസ് ചെയ്തത്. ഈ സീസണിൽ കളിക്കില്ലെന്ന് അറിയിച്ചതിനാൽ പരുക്കിൽ നിന്ന് ഇക്കൊല്ലം മുക്തനാവില്ലെന്ന സൂചന തന്നെയാണ് ആർച്ചർ നൽകുന്നത്.
അതേസമയം, വിൻഡീസ് താരം ക്രിസ് ഗെയ്ലിനായും ടീമുകൾ രംഗത്തെത്തിയെങ്കിലും ഇത്തവണ ഐപിഎലിനില്ലെന്ന നിലപാടിൽ താരം ഉറച്ചുനിന്നുവെന്നാണ് വിവരം.