ദുബായ്: രാജ്യത്ത് സമ്പദ് വ്യവസ്ഥയുടെ വൈവിദ്ധ്യവതകരണത്തിന്റെ ഭാഗമായി കോര്‍പ്പറേറ്റ് നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനവുമായി യു.എ.ഇ. 2023 ജൂണ്‍ ഒന്ന് മുതല്‍ ബിസിനസ് ലാഭത്തിന് മുകളില്‍ ഒമ്പത് ശതമാനം കോര്‍പ്പറേറ്റ് നികുതി ഏര്‍പ്പെടുത്തുമെന്ന് യു.എ.ഇ. ധനമന്ത്രാലയം അറിയിച്ചു.
2023 ജൂണ്‍ ഒന്നിനോ അതിനുശേഷമോ ആരംഭിക്കുന്ന ആദ്യ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ കോര്‍പ്പറേറ്റ് നികുതി ബിസിനസുകള്‍ക്ക് ബാധകമാകും.
375,000 ദിര്‍ഹം വരെയുള്ള ലാഭത്തിന് നികുതിയുണ്ടാകില്ലെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം വ്യക്തിഗത വരുമാനത്തിന് കോര്‍പ്പറേറ്റ് നികുതി ബാധകമാകില്ല.
ആഗോള വിപണികളുമായി പൊരുത്തപ്പെടാന്‍ രാജ്യത്തെ വെള്ളി-ശനി വാരാന്ത്യ അവധികള്‍ ശനി-ഞായര്‍ ദിവസങ്ങളിലേക്ക് ഈ വര്‍ഷം മാറ്റിയിരുന്നു. ഇതിനുശേഷമുള്ള യു.എ.ഇയുടെ ഏറ്റവും സുപ്രധാന നീക്കമാണ് ഈ പ്രഖ്യാപനം. റിയല്‍ എസ്റ്റേറ്റില്‍ നിന്നോ മറ്റ് നിക്ഷേപങ്ങളില്‍ നിന്നോ വ്യക്തിഗത ആദായനികുതിയും മറ്റും ഏര്‍പ്പെടുത്താന്‍ പദ്ധതിയില്ലെന്ന് മന്ത്രാലയം അറിയിച്ചു.