2021ലെ മികച്ച കായിക താരത്തിനുള്ള വേൾഡ് ഗെയിംസ് പുരസ്കാരം മലയാളി ഹോക്കി താരം പി.ആർ ശ്രീജേഷിന്. 1,27,647 വോട്ടുകൾ നേടിയാണ് ശ്രീജേഷ് പുരസ്കാരത്തിന് അർഹനായത്. രണ്ടാം സ്ഥാനത്തെത്തിയ ആ്ൽബർട്ട് മെഗൻസ് ലോപസിനെ ബഹുദൂരം പിന്നിലാക്കിയാണ് പി.ആർ ശ്രീജേഷ് അഭിമാന നേട്ടം കൈവരിച്ചത്.
വേൾഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായും ശ്രീജേഷ് മാറി. 2019ലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ 2020ൽ പുരസ്കാരം നേടിയിരുന്നു.
A proud moment for all Indians, as PR Sreejesh has brought home The World Games Athlete of the Year 2021 award! 🙌🇮🇳
Well deserved, champ. 👏🔥
Share your thoughts regarding his win 👇 pic.twitter.com/sdxtfQuUWw
— Hockey India (@TheHockeyIndia) January 31, 2022
2004 ലാണ് ശ്രീജഷ് ജൂനിയർ നാഷണൽ ടീമിൽ ഇടം നേടുന്നത്. 2006 ലാണ് സീനിയർ നാഷണൽ ഗെയിമിൽ പങ്കെടുക്കുന്നത്. 2013ലെ ഏഷ്യാ കപ്പിൽ മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരം നേടി. 2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ഹോക്കി ടീമിൽ അംഗവും 2016 ലെ റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനുമായിരുന്നു പിആർ ശ്രീജേഷ്.
2021ലെ ടോക്യോ ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയെ വെങ്കല മെഡൽ നേട്ടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് ശ്രീജേഷായിരുന്നു. പുരസ്കാരത്തിന് ഇന്ത്യയിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഏക താരം ശ്രീജേഷാണ്. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനാണ് ശ്രീജേഷിന്റെ പേര് നിർദ്ദേശിച്ചത്.
2017 ൽ പത്മശ്രീയും 2015 ൽ അർജുന പുരസ്കാരവും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.