ജിദ്ദ: ഫെബ്രുവരി ഒന്ന് മുതല്‍ സൗദിയില്‍ പൊതുഗതാഗതം ഉപയോഗിക്കുന്നവര്‍ ബൂസ്റ്റര്‍ ഡോസ് എടുത്തവരും തവക്കല്‍ന ആപ്ലിക്കേഷനില്‍ ‘ഇമ്യൂണ്‍ സ്റ്റാറ്റസ്’ ഉള്ളവരുമായിരിക്കണമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു.അതോറിറ്റിയുടെ ആസ്ഥാനത്തും അതിന്റെ ശാഖകളിലും ബിസിനസ് സേവന, ഗതാഗത കേന്ദ്രങ്ങളിലും സ്റ്റേഷനുകളിലും അനുബന്ധ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിനും ഇമ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണ്.
ട്രെയിനുകള്‍, ടാക്സികള്‍, റെന്റ് എ കാറുകള്‍, നഗരത്തിനകത്തും പുറത്തും യാത്രക്കാരെ എത്തിക്കുന്നതിനുള്ള ബസുകള്‍, ജിസാനും ഫറസാന്‍ ദ്വീപിനും ഇടയിലുള്ള കപ്പലുകള്‍ എന്നിവയില്‍ യാത്ര ചെയ്യാന്‍ നിബന്ധന പാലിക്കണം.രാജ്യത്തെ കര, കടല്‍, റെയില്‍വേ യാത്രാ സംവിധാനങ്ങളുടെ ഉപയോഗത്തിന് ഇത് നിര്‍ബന്ധമാണ്. എന്നാല്‍, വാക്സിന് എടുക്കുന്നതില്‍ നിന്ന് ഇളവുനല്കപ്പെട്ട വിഭാഗങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഗതാഗത മാര്‍ഗങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത് ഗുണഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും അവര്‍ക്ക് സുരക്ഷിതവും അനുയോജ്യവുമായ ഗതാഗത സേവനങ്ങള്‍ ഒരുക്കുന്നതിനുമാണെന്ന് അതോറിറ്റി വിശദീകരിച്ചു. ആളുകള്‍ക്കിടയില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പിന്റെ ശിപാര്‍ശയുടെ ഭാഗവുമാണിത്. എല്ലാവരും പൊതു ആരോഗ്യ അതോറിറ്റി (വിഖായ) വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രതിരോധ നടപടികള്‍ പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.