കുവൈത്ത് സിറ്റി: കുവൈത്തിലെ കരാര്‍ കമ്പനിക്കു കീഴില്‍ ഉള്ള ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന നേഴ്സുമാരെ പിരിച്ചു വിട്ട സംഭവത്തില്‍ പാര്‍ലമെന്റഗം ഡോ.ഹിഷാം അല്‍ സാലിഹ് ആശങ്ക പ്രകടിപ്പിച്ചു.ഈ മേഖലയില്‍ നേഴ്സുമാര്‍ നേരിടുന്ന പ്രശനങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ മന്ത്രി അടിയന്തിരമായി ഇടപെടണമെന്നും ഹിഷാം അല്‍ സാലിഹ് ആവശ്യപ്പെട്ടു.ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അല്‍ സയ്യിദിനോട് രാജ്യത്തെ നേഴ്സുമാരെ സംരക്ഷിക്കാന്‍ ആരോഗ്യ മന്ത്രാലയം സ്വീകരിച്ച നടപടികളെ കുറിച്ച് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരി ആരംഭിച്ചശേഷം 1600ലധികം നേഴ്സുമാരാണ് തൊഴില്‍ രാജിവെച്ചത്. ഇതിന് പുറമെ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ആരോഗ്യ ജീവനക്കാരുടെ എണ്ണത്തില്‍ പത്ത് ശതമാനത്തിലധികം കുറവുണ്ടാവുകയും ചെയ്തു. ആരോഗ്യ മേഖലയില്‍ സേവന നിലവാരം ഉയര്‍ത്തുന്നതില്‍ നേഴ്സുമാര്‍ നടത്തുന്ന സേവനം വിലപ്പെട്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലിചെയ്യുന്ന മുന്നൂറ്റി എണ്‍പതോളം നേഴ്സുമാര്‍ ജോലി നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ജി ടി സി അല്‍ സകൂര്‍ കമ്പനി വഴി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപെട്ട ഇവരില്‍ 250പേര് മലയാളികള്‍ ആണ്.