തിരുവനന്തപുരം: 3,20,067 വിദ്യാർഥികൾ എഴുതുന്ന ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾക്ക് തിങ്കളാഴ്ച തുടക്കം. സംസ്ഥാനത്താകെ 1955 കേന്ദ്രങ്ങളിലാണ് പരീക്ഷ. റെഗുലർ വിഭാഗത്തിൽ 2,98,412 പേരും പ്രൈവറ്റ് വിഭാഗത്തിൽ 21,644ഉം ലാറ്ററൽ എൻട്രി റെഗുലർ വിഭാഗത്തിൽ 11ഉം വിദ്യാർഥികൾ പരീക്ഷ എഴുതും.
ഗൾഫിൽ 41 കുട്ടികളും ലക്ഷദ്വീപിൽ 1023 കുട്ടികളും മാഹിയിൽ 414 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് ഇംഗ്ലീഷ് വിഷയത്തിലാണ്; 2,08411 പേർ. കൂടുതൽ പേർ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്; 59584 പേർ. കോഴിക്കോട് ജില്ലയിൽ 36087 പേർ എഴുതുന്നുണ്ട്. കോവിഡ് ബാധിതരായ വിദ്യാർഥികൾക്ക് പ്രത്യേക സൗകര്യം ഉണ്ടാകും. രാവിലെ 9.30നും ഉച്ചയ്ക്ക് രണ്ടിനുമാണ് പരീക്ഷ. ഫെബ്രുവരി നാലിന് അവസാനിക്കും. കോവിഡ് മഹാമാരിക്കാലത്ത് ഒട്ടേറെ പ്രയാസം മറികടന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.