ഇംഫാല്‍: പുഷ് അപ് എടുത്ത് ഗിന്നസ് ലോക റെക്കോഡിട്ട മണിപ്പൂരി യുവാവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുപത്തിനാല് വയസുകാരനായ ടി നിരന്‍ജോയ് സിംഗാണ് ഒരു മിനുട്ടില്‍ വിരലുകളില്‍ നിന്ന് 109 പുഷ് അപുകള്‍ എടുത്ത് ഗിന്നസ് ലോക റെക്കോഡ് ഇട്ടത്. ജനുവരി 22നായിരുന്നു ഇദ്ദേഹത്തിന്റെ പ്രകടനം.
“ഇപ്പോൾ നിങ്ങളോട് പ്രത്യേകിച്ച് നമ്മുടെ യുവജനങ്ങളോട് ഒരു ചോദ്യം ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് ഒരേ സമയം എത്ര പുഷ് അപ്പുകൾ ചെയ്യാൻ കഴിയുമെന്ന് ആലോചിക്കുക. ഞാൻ നിങ്ങളോട് പറയാൻ പോകുന്നത് തീർച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തും. മണിപ്പൂരിൽ 24 കാരനായ ധൗണോജം നിരഞ്ജോയ് സിംഗ് ഒരു മിനിട്ടിൽ 109 പുഷ് അപ്പുകൾ എടുത്ത് റെക്കോർഡ് സ്ഥാപിച്ചു. അദ്ദേഹത്തിന് റെക്കോർഡ് തകർക്കുന്നത് പുതിയ കാര്യമല്ല. ഇതിനു മുമ്പ് ഒരു മിനിട്ടിൽ ഒരു കൈകൊണ്ട് ഏറ്റവും കൂടുതൽ നക്കിൾ പുഷപ്പുകൾ ചെയ്തയാളെന്ന റെക്കോർഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. നിങ്ങൾ നിരഞ്ജോയ് സിംഗിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ശാരീരിക ക്ഷമത നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കുമെന്ന് എനിക്കുറപ്പുണ്ടെന്നായിരുന്നു”- പ്രധാനമന്ത്രി പറഞ്ഞു.
മണിപ്പൂരുകാരനായ നിരൻജോയ് സിംഗിന്റെ പ്രകടനത്തിന്റെ വീഡിയോ കേന്ദ്ര നിയമകാര്യ മന്ത്രി കിരൺ റിജിജ്ജു അടക്കം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതിശയകരമായ അവിശ്വസനീയമായ ശക്തിയാണ് മണിപ്പൂരില്‍ നിന്നുള്ള യുവാവ് ടി നിരന്‍ജോയ് സിംഗ് പ്രകടിപ്പിച്ചത്. അഭിമാനകരമായ നേട്ടമാണ് ഇത് ഇദ്ദേഹം ട്വീറ്റില്‍ പറയുന്നു.
ഇത് ആദ്യമായല്ല ടി നിരജ്ഞോയ് സിംഗ് ഗിന്നസ് റെക്കോഡ് സ്വന്തമാക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി 3ന് ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ ഒറ്റകൈ പുഷ്അപുകൾ എടുത്ത് അദ്ദേഹം ഗിന്നസ് റെക്കോഡ് ഇട്ടിരുന്നു. 67 ഒറ്റക്കൈ പുഷ്അപ് ആണ് അദ്ദേഹം അന്ന് എടുത്തത്.